Flash News

മഞ്ചേരി മെഡിക്കല്‍ കോളജ് സമരം ശക്തമാക്കി

മഞ്ചേരി മെഡിക്കല്‍ കോളജ് സമരം ശക്തമാക്കി
X
[caption id="attachment_221694" align="alignnone" width="560"] മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മകമായി നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ റീത്ത് സമര്‍പ്പിക്കുന്നു[/caption]

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളുടെ സമരം ശക്തമായി. സര്‍ജ്ജറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിരാഹാര സമരം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ന് മൂന്ന് പേര്‍ നിരാഹാരം ആരംഭിച്ചു. ഇതോടെ നിരാഹാരമിരിക്കുന്നവരുടെ എണ്ണം എട്ടായി. വിനായക്, അല്‍ഷാന, ആരിഫ ലുലു തുടങ്ങിയവരാണ് ഇന്ന് നിരാഹരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ശരത് കെ ശശി, പി സമീര്‍, കെ ആര്‍ ഉത്തര, സുനീറ, സരിത തുടങ്ങിയവരാണ് നിരാഹാര സമരമാരംഭിച്ചത്.
പ്രിന്‍സിപ്പല്‍ ചാര്‍ജ്ജുള്ള ഡോ. സിറിയക് ജോബും വിദ്യാര്‍ഥി പ്രതിനിധികളും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. സര്‍ജ്ജറിയില്‍ മൂന്ന് പേരെ നിയമിക്കാന്‍ ശ്രമിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ രേഖാ മൂലം ഉറപ്പുകിട്ടാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിലപാട്. ഇതിനിടെ കഴിഞ്ഞ ദിവസം നിരാഹാരമിരുന്ന സുനീറ, ഉത്തര തുടങ്ങിയവരുടെ നില നേരിയ രീതിയില്‍ വഷളായിട്ടുണ്ട്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇന്ന് ക്ലാസ് നടന്നത്. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അവസാനവര്‍ഷക്കാര്‍ക്കും ക്ലാസ് നടന്നില്ല. പ്രശ്‌നം പരിഹരിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ പേരെഴുതി പ്രതീകാത്മകമായി നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ വിദ്യാര്‍ത്ഥികള്‍ റീത്ത് സമര്‍പ്പിച്ചു.
അതിനിടെ വൈസ് പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട്്  സമരം അവസാനിപ്പിക്കാന്‍ ഡിഎംഇ ശ്രമമാരംഭിച്ചിട്ടുണ്ട്.  രണ്ട് അധ്യാപകരെ നിയമിക്കാമെന്നായിരുന്നു ഡിഎംഇ പ്രിന്‍സിപ്പലിനെ അറിയിച്ചത്. എന്നാല്‍ രേഖാമൂലം ഉറപ്പുതരാതെ പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.  തല്‍ക്കാലം രണ്ട് അധ്യാപകരെയെങ്കിലും നിയമിച്ച് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കാനാണ് അധികൃതരുടെ ശ്രമം.  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) ആരോഗ്യമന്ത്രി എന്നിവരുടെ  ഉറപ്പുനല്‍കിയെങ്കില്‍ മാത്രമേ സമരം പിന്‍വലിക്കൂയെന്ന നിലപാടിലാണ് സമരക്കാര്‍.   നാലു വര്‍ഷമായി പരിഹരിക്കാത്ത പ്രശ്‌നം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങിനെ പരിഹരിക്കാനാവുമെന്നാണ് ഡിഎംഇയുടെ ആശങ്ക.
സമരവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസേഴ്‌സിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു.  കെജിഎംഒഎ,മെഡിക്കല്‍ കോളജ് അധികൃതര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് മൂന്നു ദിവസത്തിനകം യോഗം ചേരുമെന്ന് കലക്ടര്‍ പറഞ്ഞു.
സമരത്തിലുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി.  കാംപസ് ഫ്രണ്ട്, എംഎസ്എഫ്,എസ്‌കെഎസ്എസ്എഫ്, എസ്‌ഐഒ, വെല്‍ഫയര്‍ പാര്‍ട്ടി, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവര്‍ സമരക്കാരെ സന്ദര്‍ശിച്ചു.
എസ്‌കെഎസ്എസ്എഫ് ജില്ലാ കാംപസ് വിംഗ് ഐക്യദാര്‍ഢ്യ സംഗമം നടത്തി. പ്രിന്‍സിപ്പലിന് നിവേദനം നല്‍കി. ജവഹര്‍ ബാലജനവേദിയും സമരക്കാരെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it