malappuram local

മഞ്ചേരി മെഡിക്കല്‍ കോളജ്‌ : ബെഡ്ഡും ജീവനക്കാരുമില്ല ; ഗര്‍ഭിണികള്‍ കിടക്കുന്നത് തറയില്‍



മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ കടുത്ത പ്രയാസത്തില്‍. പ്രസവം കാത്തുകിടക്കുന്നവരും പ്രസവിച്ചവരുമാണ് വൃത്തിഹീനമായ തറയിലും കക്കൂസിന്റെ അരികിലും കിടക്കുന്നത്. ഇവിടെ ആകെയുള്ളത് 81 ബഡ്ഡുകള്‍ മാത്രമാണ്. ശേഷം വന്നവരാണ് തറയില്‍ പായമാത്രം വിരിച്ച് കിടക്കുന്നത്. മഴ പെയ്താല്‍ ജനലിലൂടെ വെള്ളം വരുന്നതിനാല്‍ മലിനവെള്ളത്തിലാവും പിന്നീട് കിടക്കേണ്ടിവരിക. മൂന്ന് വാര്‍ഡുകളാണ് ഗര്‍ഭിണികള്‍ക്കായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ പ്രസവ സമയം അടുത്തവരേയും മറ്റു പ്രശ്‌നങ്ങളുള്ളവരേയുമാണ് 109 ാം വാര്‍ഡില്‍ അഡ്മിറ്റു ചെയ്യുന്നത്. ആദ്യമെത്തുന്നവരെ 13ാം വാര്‍ഡില്‍ പ്രവേശിപ്പിക്കും. എന്നാല്‍, ഇവിടെ കനത്ത തിരക്കായതിനാല്‍ അധികമുള്ളവരെ 109ലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ഇരുവാര്‍ഡുകളുടെ വരാന്തകളും പ്രസവ മുറിയായി മാറിയിരിക്കുകയാണ്. അതേസമയം, പ്രസവിച്ച കുട്ടികളുമായി സ്ത്രീകള്‍ വരാന്തയില്‍ കിടക്കുന്ന കാഴ്ചയാണ് ഏറെ ദയനീയം. പകല്‍ സമയങ്ങളില്‍ ചൂട് കൂടിയതിനാല്‍ പലരും വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് സ്ഥിരമാണ്. തറയില്‍ കിടക്കുന്നവരില്‍ കഴിഞ്ഞ ദിവസം വന്ന ആദിവാസി യുവതിയുമുണ്ട്.  നിലമ്പൂര്‍, വണ്ടൂര്‍ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റിന്റെ അഭാവംമൂലം ഈ ഭാഗത്തുനിന്നു കൂടുതല്‍ പേരെ മെഡിക്കല്‍ കോളജിലേക്കാണ് വിടുന്നത്. ഗര്‍ഭിണികളുടെ തിരക്കുമൂലം രണ്ട് വാര്‍ഡുകളിലേയും ലേബര്‍ റൂമിലെയും നഴ്‌സുമാര്‍ക്കും സഹജീവനക്കാര്‍ക്കും അധികജോലിയാണ്. പലര്‍ക്കും ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്നാണ് പരാതി. രാവിലെ കൊണ്ടു വരുന്ന ഉച്ച ഭക്ഷണം കഴിക്കാന്‍ സമയം കിട്ടാത്തതിനാല്‍ പലരും തിരിച്ചു കൊണ്ടുപോവേണ്ടിയും വരുന്നുണ്ട്. ഒരു വാര്‍ഡില്‍ രണ്ട് ഗ്രേഡ്-2 ജീവനക്കാരും നഴ്‌സും വേണം. എന്നാല്‍, പലസമയത്തും ഒരു സ്റ്റാഫ് നഴ്‌സ് മാത്രമേ ഇവിടെ ഉണ്ടാവാറുള്ളു. ഒരാള്‍ക്ക് വേദന വന്നാല്‍ നോക്കാന്‍ പോവുന്ന സമയത്ത് നഴ്‌സിങ് സ്റ്റേഷനില്‍ ആളുണ്ടാവില്ല. മിക്ക മെഡിക്കല്‍ കോളജുകളിലും നഴ്‌സിങ് സ്റ്റേഷനുകളില്‍ ഗ്ലാസ് സ്ഥാപിച്ച ചുമരുകളായതിനാല്‍ എല്ലാ വാര്‍ഡുകളിലേക്കും ശ്രദ്ധിക്കാനാവും. എന്നാല്‍, ഇത്തരം സംവിധാനം മഞ്ചേരിയിലില്ല. അതേസമയം, ആരോഗ്യ മന്ത്രിയോ മറ്റു അധികാരികളോ ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ മാത്രം അധികൃതര്‍ രോഗികള്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. ഈ സമയത്ത് വരാന്തയിലുള്ള രോഗികളെയെല്ലാം മാറ്റുകയാണ് ചെയ്യുന്നത്. മന്ത്രിയില്‍ നിന്നു ശകാരമേല്‍ക്കാതിരിക്കാനാണത്രെ ഇത് ചെയ്യുന്നത്. ബെഡ്ഡില്ലാത്ത രോഗികളെ പലപ്പോഴും മന്ത്രിയുടെ ശ്രദ്ധ പതിയാത്ത ചില വാര്‍ഡുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതമൂലം എങ്ങനെയാണ് പുതിയ ബെഡ്ഡുകളും മറ്റു സംവിധാനങ്ങളും നല്‍കുകയെന്ന് ഒരു രോഗി രോഷത്തോടെ ചോദിക്കുന്നു. കഴിഞ്ഞ ആഴ്ച മന്ത്രിയുടെ സന്ദര്‍ശന സമയത്താണ് വരാന്തയില്‍ രണ്ട് ഫാനെങ്കിലും ലഭിച്ചതെന്നും  ഇയാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it