malappuram local

മഞ്ചേരി മെഡിക്കല്‍ കോളജ് ആധുനിക അര്‍ബുദ ചികില്‍സ: സൗകര്യങ്ങള്‍ വിപുലമാക്കുന്നു

മഞ്ചേരി: അര്‍ബുദ രോഗബാധിതര്‍ വര്‍ധിക്കുന്ന ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ രോഗ നിര്‍ണയത്തിനും ചികില്‍സയ്ക്കുമുള്ള ആധുനിക സംവിധാനങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്താന്‍ നടപടിയാവുന്നു.
സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള മാമോഗ്രാം, അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെ ഒരു കോടിയുടെ ഉപകരണങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗത്തില്‍ സജ്ജമാക്കുന്നത്. ഇതിനുള്ള ആധുനിക ഉപകരണങ്ങള്‍ ആശുപത്രിയിലെത്തി. ഒരു കോടി രൂപ ചെലവിലാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്. രോഗ നിര്‍ണയത്തിനും ചികില്‍സയ്ക്കും ആവശ്യമായ സംവിധാനങ്ങളുടെ കുറവ് വ്യാപക പരാതികള്‍ക്കിടയാക്കിയിരുന്നു.
റേഡിയോളജി വിഭാഗത്തിന്റെ സേവനം വിപുലമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 2.6 കോടി രൂപ ചെലവിലാണ് റേഡിയോളജി വിഭാഗത്തിന്റെ ആധുനികവല്‍കരണം നടക്കുന്നത്. ഒന്നര കോടി രൂപ ചെലവില്‍ സിടി സ്‌കാന്‍ യന്ത്രം എത്തിച്ചിട്ടുണ്ട്.
എംആര്‍ സ്‌കാന്‍ സംവിധാനം ഒരുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഒഫ്ത്താല്‍മോളജി വകുപ്പിന്റെ ആധുനികവല്‍ക്കരണവും പുരോഗമിക്കുന്നു. 50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഈ വിഭാഗത്തിലേക്ക് ആദ്യഘട്ടത്തില്‍ എത്തിക്കുന്നത്. പുതിയ ഉപകരണങ്ങളുടെ പരീക്ഷണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഉടന്‍ രോഗികള്‍ക്ക് ഉപയോഗപ്രദമാക്കാനാണ് പദ്ധതി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, മാതൃ-ശിശു സംരക്ഷണകേന്ദ്രം എന്നിവയാണ് ഇനി പരിഗണനയിലുള്ള പ്രധാന പദ്ധതികള്‍.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വിശദമായ പദ്ധതി ആതുരാലയാധികൃതര്‍ തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it