malappuram local

മഞ്ചേരി മെഡിക്കല്‍ കോളജിന്റെ അന്തിമ അംഗീകാരം അനിശ്ചിതത്വത്തില്‍

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മഞ്ചേരി മെഡിക്കല്‍ കോളജിനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്തിമാംഗീകാരത്തിനു വിലങ്ങുതടിയാവുന്നു. അനിവാര്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ വന്ന പാളിച്ചകള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിന് 100 സീറ്റുകള്‍ക്കുള്ള അനുമതി നല്‍കേണ്ടെന്ന നിലപാടാണ് എംസിഐ എക്‌സിക്യുട്ടീവ് കമ്മിറ്റി കൈക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ജില്ലയുടെ സ്വപ്‌നമായ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്താനാനുമതിതന്നെ എംസിഐ ചോദ്യം ചെയ്യുന്നത്.
ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍ ഇതുവരെ പൂര്‍ണമായി ഒരുക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ സാധിച്ചിട്ടില്ല. എംബിബിഎസ് വിദ്യാര്‍ഥികളായ 38 ആണ്‍കുട്ടികള്‍ ഡോര്‍മെറ്ററി സൗകര്യത്തിലാണ് താമസിക്കുന്നത്. അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്കും മതിയായ താമസ സൗകര്യങ്ങളില്ല. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ പരിശോധനയില്‍ എംസിഐ സംഘം നല്‍കിയ റിപോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.
ഒപി മുറികളുടെ ശോച്യാവസ്ഥയും വെല്ലുവിളിയായി. തിരക്കേറിയ ഒപിയില്‍ ചികില്‍സക്കടക്കം നാമമാത്രമായ സൗകര്യങ്ങളാണുള്ളത്. പുരുഷന്മാര്‍ക്കും വനിതള്‍ക്കും പ്രത്യേക ഡ്രസിംഗ് മുറികളില്ല. ഒഫ്താല്‍മോളജി വിഭാഗത്തില്‍ ഡാര്‍ക്ക് റൂം ജീവനക്കാര്‍ ഭക്ഷണം കഴിക്കാനാണ് ഉപയോഗിക്കുന്നതെന്നും പരിശോധന സംഘം കണ്ടെത്തിയിട്ടുണ്ട്.
അത്യാഹിത വിഭാഗം, ഓപറേഷന്‍ തിയേറ്ററുകള്‍, വാര്‍ഡുകള്‍, പഠന സൗകര്യങ്ങള്‍ എന്നിവയിലെല്ലാമുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എംസിഐ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ തീരുമാനം. ആദ്യ എംബിബിഎസ് ബാച്ച് സംസ്ഥാനത്തു തന്നെ മികച്ച വിജയം വരിച്ച മെഡിക്കല്‍ കോളജാണ് മഞ്ചേരിയിലേത്.
പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു വിദ്യാര്‍ഥികളുടെ പഠനവും ബന്ധപ്പെട്ട പരിശീലനങ്ങളും.
അധ്യാപകരടക്കമുള്ള ഡോക്ടര്‍മാരുടെ കുറവു നികത്താന്‍ ഇടതു സര്‍ക്കാറിന്റെ കാലത്തു ശ്രമങ്ങളുണ്ടായെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ നയം തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാറും തുടരുന്നതെന്ന ആരോപണം അന്വര്‍ഥമാക്കുന്നതാണ് പുതിയ വിവരങ്ങള്‍.
മെഡിക്കല്‍ കോളജില്‍ സൗകര്യ വികസനത്തിനു തയ്യാറാക്കിയ പദ്ധതികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ നടത്തിയ നീക്കങ്ങള്‍ ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it