malappuram local

മഞ്ചേരി മെഡിക്കല്‍ കോളജില്‍ 103 കോടിയുടെ വികസനം

മഞ്ചേരി: സര്‍ക്കാരിന്റെ അനാസ്ഥ കാരണം വികസനം നടക്കാതിരുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ 103 കോടി രൂപയുടെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്ന. അടിസ്ഥാന സൗകര്യ വികസനവും രോഗീ സൗഹൃദ ആതുരാലയവും ലക്ഷമിടുന്ന പദ്ധതികള്‍ക്ക് ക്ഷണിച്ച ടെന്‍ഡറുകള്‍ 28ന് തുറക്കും. തുടര്‍ന്ന് കാലതാമസമില്ലാതെ പ്രഖ്യാപിത പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. ഇതുവഴി മെഡിക്കല്‍ കോളജിലെ സൗകര്യ കുറവിനെ ചൊല്ലിയുള്ള പരാതികള്‍ക്ക് അറുതി വരുത്താമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ക്വാര്‍ട്ടേഴ്‌സുകള്‍, ഓഡിറ്റോറിയം, രോഗീസൗഹൃദ ആശുപത്രി തുടങ്ങിയ പദ്ധതികള്‍ ഇതോടെ നടപ്പാവും.
സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചയുടന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി ആന്റ് കാര്‍ഡിയോ തെറാസിക് സര്‍ജറി വിഭാഗം സ്ഥാപിക്കുന്നതിന് ഏഴു കോടി രൂപ ഡിഎംഇ ഫണ്ട് അനുവദിച്ചിരുന്നു. സിടി സ്‌കാന്‍ സ്ഥാപിക്കുന്നതിന് 2.7 കോടി രൂപയുടെ പദ്ധതി, ഫയര്‍ ആന്റ് സേഫ്റ്റി സജീകരണങ്ങള്‍ക്ക് ഒരു കോടി രൂപ, രോഗീസൗഹൃദ ആശുപത്രിയാക്കുന്നതിന് ഒരു കോടി രൂപ, 50 ലക്ഷം രൂപ ചെലവില്‍ മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിനു പ്രത്യേക പദ്ധതി, സ്റ്റോര്‍ കോംപ്ലക്‌സ്, വയോധികര്‍ക്കും അംഗപരിമിതര്‍ക്കും വേണ്ട പ്രത്യേക സംവിധാനം എന്നിവയാണ് മറ്റു ശ്രദ്ധേയ പദ്ധതികള്‍. നിലവില്‍ നടന്നു വരുന്ന നിര്‍വാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെയനുവദിച്ച ഫണ്ട് പൊതുമരാമത്തു വകുപ്പിന് കൈമാറിയിട്ടുണ്ട്. രോഗീ സൗഹൃദ ആശുപത്രിക്ക് അനുവദിച്ച ഒരു കോടി രൂപ, മൈനര്‍ ജോലികള്‍ക്കുള്ള 1.39 കോടി രൂപ, മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിന് ലഭ്യമായ 2.63 കോടി രൂപ എന്നിങ്ങനെയാണ് കൈമാറിയത്.
അടിസ്ഥാന സൗകര്യ വികസനത്തില്‍ മെഡിക്കല്‍ കോളജ് ആരംഭിച്ചതു മുതല്‍ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാറുകള്‍ തുടരുന്ന മെല്ലെപ്പോക്കു നയം ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംഘടനകളും നേരത്തെ രംഗത്തു വന്നിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it