malappuram local

മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാതെ രോഗികള്‍ വലഞ്ഞു

മഞ്ചേരി: വെള്ളം ലഭ്യത നിലച്ചത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളേയും ജീവനക്കാരേയും ഒരുപോലെ വലച്ചു. രണ്ടു ദിവസമായി തുടരുന്ന ജലക്ഷാമ പ്രശ്‌നം ഇന്നലെ സങ്കീര്‍ണമാവുകയായിരുന്നു. പ്രാഥമികാവശ്യങ്ങള്‍ക്കു പോലും വെള്ളം ലഭിക്കാതെ കിടത്തി ചികില്‍സയിലുള്ള രോഗികളും കൂട്ടിരിപ്പുകാരും നെട്ടോട്ടമോടി.
പ്രസവ വാര്‍ഡിലും കുട്ടികളുടെ വാര്‍ഡുകളിലുമുള്ളവരടക്കം വെള്ളമന്വേഷിച്ച് ആശുപത്രി പരിസരത്ത് അലയുന്ന കാഷ്ചയായിരുന്നു രാവിലെ മുതലുണ്ടായത്. മതിയായ ശുചിമുറികള്‍ പോലുമില്ലാത്ത ആതുരാലയത്തില്‍ പുലര്‍ചെ മുതല്‍ വെള്ളം ലഭിക്കാത്തിലുള്ള പ്രതിഷേധം വ്യാപകമായി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇടപെട്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ജലവിതരണം പുനസ്ഥാപിച്ചു. നഗരത്തിലെ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് റോഡിനു സമീപത്തുള്ള പുത്തന്‍ കുളത്തില്‍ നിന്നാണ് മെഡിക്കല്‍ കോളജിലേക്കാവശ്യമായ വെള്ളം എത്തിക്കുന്നത്. കുളത്തില്‍ വെള്ളമുണ്ടെങ്കിലും വെള്ളം പമ്പു ചെയ്യാനുള്ള രണ്ടു മോട്ടോറുകളും തകരാറിലായതാണ് പ്രശ്‌നത്തിനു കാരണം. രണ്ടു ദിവസമായി ജല വിതരണം ഭാഗികമായി മുടങ്ങിയിരുന്നു.
വെള്ളിയാഴ്ചയോടെ ഇത് പൂര്‍ണമായും നിലച്ചു. ജലവിതരണത്തിലുണ്ടായ പ്രശ്‌നം ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടായില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെട്ടു. വെള്ളവിതരണം പൂര്‍ണമായും നിലച്ച ശേഷമാണ് ഇക്കാര്യത്തില്‍ അധികൃത ഇടപെടലുണ്ടായത്. പ്രശ്‌നം സങ്കീര്‍ണമായതോടെ ടാര്‍പോളിന്‍ ടാങ്ക് ഒരുക്കി ലോറിയില്‍ വെള്ളമെത്തിച്ചാണ് ആശുപത്രി അധികൃതര്‍ താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്.
Next Story

RELATED STORIES

Share it