malappuram local

മഞ്ചേരി മെഡിക്കല്‍ കോളജിന് ഉപകരണങ്ങള്‍ മാത്രം വാങ്ങാം

മഞ്ചേരി: പ്രധാന ആവശ്യങ്ങള്‍ക്കെല്ലാം ടോക്കണ്‍ പരിഗണന മാത്രം നല്‍കിയ സംസ്ഥാന ബജറ്റില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ തള്ളാതെ തള്ളി. ആകെ അനുവദിച്ചത് ചികില്‍സാ ഉപകരണങ്ങള്‍ വാങ്ങാന്‍ ഒമ്പതു കോടി രൂപ മാത്രമാണ്. അത്യാഹിതവിഭാഗം, ഓപറേഷന്‍ തിയേറ്ററുകള്‍, ലാബുകള്‍ എന്നിവയ്ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ ചികില്‍സാ സംവിധാനവും ഒരുക്കാനാണ് തുക വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷം പദ്ധതിയിനത്തില്‍ 73 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങളില്ലാതെ അടിസ്ഥാനപരമായി മെഡിക്കല്‍ കോളജ് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടലുകളുണ്ടായില്ല. സംസ്ഥാനത്താകെ 11 മെഡിക്കല്‍ കോളജുകള്‍ക്ക് 207 കോടി രൂപ നീക്കിവച്ചതില്‍ മാത്രമാണ് അടിസ്ഥാന വികസനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനും പ്രതീക്ഷ. മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിന് ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അര്‍ഹമായ പരിഗണന പോലും ലഭിച്ചില്ല. കോളജിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് രംഗത്തുവന്ന മെഡിക്കല്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇപ്പോള്‍ നിയമ പോരാട്ടത്തിലാണ്. ഹോസ്റ്റലടക്കമുള്ള സൗകര്യങ്ങള്‍ മഞ്ചേരിയില്‍ ഇനിയുമായിട്ടില്ല. മെഡിക്കല്‍ കോളജിനെ ജനസൗഹൃദമാക്കാന്‍ ഒപി ആധുനികവല്‍കരണം മാത്രമാണിപ്പോള്‍ നടക്കുന്നത്. സംസ്ഥാന അതിര്‍ത്തിയായ ഗൂഢല്ലൂരില്‍ നിന്നടക്കം ആയിരക്കണക്കിന് രോഗികളാണ് ഇവിടെ ചികില്‍സതേടിയെത്തുന്നത്. മതിയായ സൗകര്യങ്ങളുടെ അഭാവത്തില്‍ ഭൂരിഭാഗം രോഗികളേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തയക്കുകയാണ്. ചികില്‍സാ ഉപകരണങ്ങള്‍ എത്തുന്നതോടെ ഈ സ്ഥിതിക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ജില്ല. എല്ലാ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ ചികില്‍സാകേന്ദ്രം തുടങ്ങണമെന്ന പ്രഖ്യാപനവും മഞ്ചേരിക്ക് ഗുണകരമാവുമെന്ന് വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it