malappuram local

മഞ്ചേരി മെഡിക്കല്‍ കോളജ് ഒപിയില്‍ ഇനി കംപ്യൂട്ടര്‍ യുഗം

മഞ്ചേരി: രോഗികളെ പരിശോധിക്കലും മരുന്നു വിതരണവും തുടര്‍ചികില്‍സയും ഫലപ്രദമാക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഒപി വിഭാഗവും ഫാര്‍മസിയും കംപ്യൂട്ടര്‍വല്‍കരിക്കുന്നു. പഴയ രീതിയില്‍ ഒപി ടിക്കറ്റ് നല്‍കിയുള്ള ചികില്‍സാ രീകിയാണ് നിലവില്‍ മെഡിക്കല്‍ കോളജിലുള്ളത്. ജില്ലാ ആശുപത്രിയായിരിക്കെയുള്ള ഒപി പ്രവര്‍ത്തന രീതി ആതുരാലയം മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയിട്ടും തുടരുകയാണ്. ഈ നിലക്കാണ് പുതിയ പദ്ധതിയിലൂടെ പരിഹാരമാവുന്നത്.ഒന്നര കോടിരൂപയുടെ പദ്ധതി കെല്‍ട്രോണാണ് നിര്‍വഹിക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ആശുപത്രിയില്‍ ആരംഭിച്ചു. 250 കംപ്യൂട്ടറുകളാണ് സ്ഥാപിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ചികില്‍സക്കായെത്തുന്ന രോഗികള്‍ക്ക് ഒപി ടിക്കറ്റിനു പകരം പ്രത്യേക കോഡ് നമ്പറോടുകൂടിയ കാര്‍ഡുകളാവും നല്‍കുക. രോഗികളുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്യും. തുടര്‍ന്ന് പരിശോധന മുതല്‍ മരുന്നു വിതരണം വരെയുള്ള കാര്യങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ അടയാളപ്പെടുത്തിയാവും നടക്കുക.നല്‍കിയ മരുന്നുകളുടെ വിവരങ്ങളും ലാബ് പരിശോധനാ ഫലങ്ങളും ഇത്തരത്തില്‍ അടയാളപ്പെടുത്തും.രോഗവിവരങ്ങള്‍ രേഖപ്പെടുത്തുന്നതോടെ തുടര്‍ചികില്‍സക്കെത്തുമ്പോഴും വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് വേഗത്തില്‍ കണ്ടെത്താനാവും വിധത്തിലാണ് കംപ്യൂട്ടര്‍വല്‍കരണം വിഭാവനം ചെയ്തിരിക്കുന്നത്. മറ്റു വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ആവശ്യമായി വരുമ്പോഴും രോഗിക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡു വഴി മുന്‍ ചികില്‍സ വിവരങ്ങള്‍ ശേഖരിക്കാനാവും. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി.മെഡിക്കല്‍ കോളജില്‍ രോഗീസൗഹൃദ ഒപി കൗണ്ടറുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇരുപത് ഒപികളുള്ള ആശുപത്രിയില്‍ സ്ഥലപരിമിതി രോഗികളേയും ജീവനക്കാരേയും ഒരുപോലെ ദുരിതത്തിലാക്കുന്ന നിലയ്ക്ക് പരിഹാരമായാണ് സംസ്ഥാന സര്‍ക്കാറിന്റെ ‘ആര്‍ദ്രം’ പദ്ധതിയിലുള്‍പ്പെടുത്തി രോഗീസൗഹൃദ ഒപിയും ചികില്‍സാ വിഭാഗത്തിലെ ആധുനികവത്ക്കരണവും നടപ്പാക്കുന്നത്. ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും പരിശോധനകള്‍ക്കുമുള്ള വരിനില്‍ക്കല്‍ ഇല്ലാതാക്കാനാണ് ശ്രമം. ഇതിനായി എല്‍ഇഡി ബോര്‍ഡുകളും സൂചനാഫലകങ്ങളും ഹെല്‍പ്‌ഡെസ്‌കുമുണ്ടാവും. രോഗികള്‍ക്ക് ഇരിപ്പിടം, കുടിവെള്ളം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it