malappuram local

മഞ്ചേരി മെഡിക്കല്‍ കോളജിന് കാത്ത് ലാബ് നഷ്ടമായതായി സൂചന



മഞ്ചേരി: ഹൃദ്രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന ജില്ലയില്‍ ചികില്‍സാ രംഗത്ത് പ്രതീക്ഷയായ മഞ്ചേരി മെഡിക്കല്‍ കോളജിന് കാത്ത്‌ലാബും നഷ്ടമായതായി സൂചന. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്കനുവദിച്ച കാത്ത്‌ലാബ് മഞ്ചേരിയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവായിരുന്നു. നാലു മാസത്തിനകം കാത്ത് ലാബിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും മാസങ്ങളേറെ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നുമായിട്ടില്ല. പദ്ധതി മഞ്ചേരി മെഡിക്കല്‍ കോളജിനു നഷ്ടമായെന്ന വിവരമാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നു തന്നെ ലഭിക്കുന്ന വിവരം. എന്നാലിതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട്,  എം ഉമ്മര്‍ എംഎല്‍എ തുടങ്ങിയവര്‍ പറയുന്നത്. കാത്ത് ലാബ്, ഐസിയു എന്നിവയടക്കം അത്യാധുനിക സൗകര്യങ്ങളോടെ എട്ട് കോടി രൂപ ചെലവിട്ടാണ് മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ ചികില്‍സാ വിഭാഗം വിപുലമാക്കുന്ന പദ്ധതി വിഭാവനം ചെയ്തിരുന്നത്. കാഞ്ഞങ്ങാട്ടെ കാത്ത് ലാബ് മഞ്ചേരിയിലേയ്ക്ക് മാറ്റി അനുമതിയായതിനുശേഷം പരിശോധന നടത്തിയ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പ്രതിനിധി സംഘം കാത്ത് ലാബൊരുക്കാനുള്ള സൗകര്യങ്ങള്‍ മഞ്ചേരിയിലുണ്ടെന്ന് സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കാത്ത് ലാബിന്റെ രൂപരേഖ തയ്യാറാക്കലിനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാലിതില്‍ തുടര്‍ നടപടികളുണ്ടായില്ല. പദ്ധതി മഞ്ചേരിയില്‍ നിന്നു മാറ്റിയതിനെ തുടര്‍ന്നാണിതെന്നാണ് വിവരം. സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് കാത്ത് ലാബ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാവുമെന്ന സാധാരണക്കാരായ രോഗികളുടെ പ്രതീക്ഷ ഇതോടെ അസ്ഥാനത്താവുകയാണ്. നേരത്തെ കാത്ത്‌ലാബിനു വേണ്ടി മെഡിക്കല്‍ കോളജ് അധികൃതര്‍ വിപുലമായ പദ്ധതി സമര്‍പ്പിക്കുകയും ഇതിന്റെ ഫലമായി സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചു കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളജുകളിലെല്ലാം താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഹൃദ്രോഗ ചികില്‍സാ വിഭാഗം പ്രവര്‍ത്തിക്കുമ്പോഴും മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാത്ത്‌ലാബ് ഇതുവരെ സജ്ജമാക്കാനായിട്ടില്ല. ഹൃദ്രോഗികളുടെ എണ്ണം ഒരോ വര്‍ഷങ്ങളിലും കൂടുമ്പോഴും മെഡിക്കല്‍ കോളജിലുള്ള കാലപ്പഴക്കംചെന്ന സൗകര്യങ്ങളും ചികില്‍സകളും മാത്രമാണ് രോഗികള്‍ക്കു ലഭിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ഒപി. വിദഗ്ധ ചികില്‍സ തേടിയെത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണിപ്പോള്‍.
Next Story

RELATED STORIES

Share it