malappuram local

മഞ്ചേരി മെഡിക്കല്‍ കോളജ് : പുതുതായി 5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം



മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് സംവിധാനം വിപുലപ്പെടുത്താന്‍ സമീപ പ്രദേശത്ത് അഞ്ച് ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ  വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. 78 കോടി രൂപ ചെലവില്‍ പുതുതായി ആരംഭിക്കാനിരുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ ടെണ്ടര്‍ വിളിക്കാനും തീരുമാനിച്ചു. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. പ്രിന്‍സിപ്പലിനെ നിയമിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.  തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ എം ഉമ്മര്‍ എംഎല്‍എ, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, ആരോഗ്യ സെക്രട്ടറി ഡോ. രാജീവ് സദാനന്ദന്‍, ഡിഎംഇ എ കെ ജമീല, ഡിഎച്ച്എസ്  ഡോ. ആര്‍ എല്‍ സരിത,  മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ ചാര്‍ജ്ജ് ഡോ. സിറിയക് ജോബ്, ഡിഎംഒ ഡോ കെ സക്കീന എന്നിവര്‍ക്ക് പുറമെ  വിദ്യാര്‍ഥി പ്രതിനിധിയും പങ്കെടുത്തു. തീരുമാനങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 30ന് മലപ്പുറത്ത് ജില്ലാ പ്ലാനിംങ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് കലക്ടര്‍ അമിത് മീണ അറിയിച്ചു. ഹോസ്റ്റല്‍ സംവിധാനങ്ങളും അധ്യാപകരുടെ കുറവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഈ മാസം 16 മുതല്‍ 19 വരെ കോളജില്‍ നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്ന് ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.
Next Story

RELATED STORIES

Share it