malappuram local

മഞ്ചേരി നഗരസഭ : പൈപ്പ് കംപോസ്റ്റുകള്‍ കൊതുക് വളര്‍ത്തു കേന്ദ്രങ്ങളാവുന്നു



മഞ്ചേരി: നഗരസഭയിലെ 50 വാര്‍ഡുകളിലും വിതരണം ചെയ്ത 5,000 പൈപ്പ് കംപോസ്റ്റുകള്‍ കൊതുകു വളര്‍ത്തുകേന്ദ്രങ്ങളായി. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ പദ്ധതിയാണു നാട്ടുകാര്‍ക്ക് തീരാശാപമായി മാറിയിരിക്കുന്നത്. എട്ടിഞ്ച് വ്യാസമുള്ള രണ്ട് പൈപ്പുകളാണു പദ്ധതിക്കായി ഉപയോഗിച്ചിരുന്നത്. ഇതാണ് കൊതുകുകളും മാലിന്യവും നിറഞ്ഞ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത്. രണ്ട് പൈപ്പുകള്‍ക്കും സ്റ്റീല്‍ മൂടികളും നല്‍കിയിരുന്നു. ഒരു പൈപ്പില്‍ പ്ലാസ്റ്റിക് അല്ലാത്ത ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ച ശേഷം മൂടിവയ്ക്കണം. ദിവസങ്ങള്‍ക്കു ശേഷം ഇത് ജൈവവളമായി മാറും. ശേഷം രണ്ടാമത്തെ പൈപ്പില്‍ മാലിന്യം നിക്ഷേപിക്കണം. രണ്ട് പൈപ്പുകളും മൂടി ഉപയോഗിച്ച് അടച്ചുവയ്ക്കണം. എന്നാല്‍, കൂടുതല്‍ പേരും മൂടിവയ്ക്കാത്തതാണ് മാലിന്യ സംസ്‌കരണം താറുമാറാവാന്‍ കാരണം. ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. തുറന്നുകിടക്കുന്ന പൈപ്പുകളില്‍ കൊതുകും മാലിന്യവും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. അതേസമയം, വേണ്ടത്ര നിര്‍ദേശങ്ങളോ ബോധവല്‍കരണമോ നടത്താതെയാണ് കംപോസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പരാതിയുണ്ട്.   കുടുംബശ്രീ പ്രവര്‍ത്തകരാണ് പൈപുകള്‍ സ്ഥാപിച്ചു നല്‍കിയത്. നഗരസഭയിലെ എല്ലാ വീടുകള്‍ക്കും 90 രൂപയ്ക്കാണ്  പൈപ് കംപോസ്റ്റ് വിതരണം ചെയ്തത്. ശുചിത്വ മിഷനും നഗരസഭയും ചേര്‍ന്നുള്ള ഈ പദ്ധതിയുടെ ചെലവ് 900 രൂപയാണ്. ഇതാണ് 10 ശതമാനം ഗുണഭോക്തൃ വിഹിതം അടച്ച് ആളുകള്‍ സ്വന്തമാക്കിയത്. അതേസമയം, ആളുകള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയാണു പദ്ധതി നടപ്പാക്കിയതെന്ന്് അന്നത്തെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ മജീദ് മാസ്റ്റര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it