malappuram local

മഞ്ചേരി നഗരസഭാ യോഗത്തില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

മഞ്ചേരി: മാലിന്യ സംസ്‌കരണ പ്രശ്‌നത്തെചൊല്ലിയുള്ള തര്‍ക്കത്തിനിടെ മഞ്ചേരി നഗരസഭാ യോഗത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ബഹളം. ആരോഗ്യ ജാഗരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗമാണ് ബഹളത്തില്‍ മുങ്ങിയത്. മാലിന്യ സംസ്‌കരണത്തിലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നഗരസഭ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയി.
മാലിന്യ സംസ്‌കരണത്തിന് നഗരസഭ ആവിഷ്‌കരിച്ച ഹരിത നഗരം മഞ്ചേരി പദ്ധതിയും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനു സ്വീകരിച്ച കര്‍മ പദ്ധതികളും വിശദീകരിക്കാനായിരുന്നു പ്രത്യേക കൗണ്‍സില്‍ യോഗം. മാലിന്യ പ്രശ്‌നത്തില്‍ നഗരസഭയ്‌ക്കെതിരേ ജനങ്ങളുടെ അമര്‍ഷം ശക്തിപ്പെടുന്നത് ബോധ്യപ്പെട്ടതോടെയാണ് ഖര മാലിന്യശേഖരണം നടത്താനും അടിയന്തര കൗണ്‍സില്‍ വിളിക്കാനും ഭരണസമിതി തയ്യാറായതെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതി മാധ്യമങ്ങളിലൂടെ അറിയിച്ചതിനുശേഷം മാത്രമാണ് വിഷയം നഗരസഭ അജണ്ട വച്ച് കൗണ്‍സില്‍ മുമ്പാകെ കൊണ്ടുവന്നത്. കൗണ്‍സിലര്‍മാരെ വിശ്വാസത്തിലെടുക്കാത്ത ഭരണസമിതിയുടെ സമീപനം തീര്‍ത്തും അപലപനീയമാണെന്നും പ്രതിപക്ഷാംഗങ്ങള്‍ വാദിച്ചു. 2017 ജൂലൈയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണം നടത്തുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ മഞ്ചേരി നഗരസഭയ്ക്കും നല്‍കിയിരുന്നുവെന്നും എന്നാല്‍, നാളിതുവരെ സര്‍ക്കാര്‍ നല്‍കിയ ഒരു നിര്‍ദേശവും നടപ്പാക്കാന്‍ മഞ്ചേരി നഗരസഭ തയ്യാറായിട്ടില്ലന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
ഏത് ഏജന്‍സിയാണ് മാലിന്യശേഖരണം നടത്തുന്നതെന്നോ എത്ര തുകയാണ് അവര്‍ക്ക് നല്‍കുന്നതെന്നോ ശേഖരണം നടത്തുന്ന ഏജന്‍സി ഹരിത കേരള മിഷനില്‍ രജിസ്റ്റര്‍ ചെയ്ത അക്രഡിറ്റേഷനുള്ള ഏജന്‍സിയാണോ എന്നുള്ള കാര്യങ്ങളെല്ലാം കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനെ പ്രതിരോധിച്ച് ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരും രംഗത്തുവന്നു. നഗരസഭ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണമടക്കമുള്ള പദ്ധതികള്‍ക്ക് പ്രതിപക്ഷം തുരങ്കംവയ്ക്കുകയാണെന്നായിരുന്നു ഭരണപക്ഷത്തുള്ളവരുടെ മറുപടി. ജനാധിപത്യ സംവിധാനത്തിനു നിരക്കാത്ത പദപ്രയോഗങ്ങള്‍ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചെന്ന് നഗരസഭാധ്യക്ഷ വി എം സുബൈദ പറഞ്ഞു. സിപിഎമ്മിന്റെ ദുരുദ്ദേശപരമായ രാഷ്ട്രീയം കൗണ്‍സിലില്‍ നടപ്പാക്കാനുള്ള ശ്രമം നടത്തുകയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍.
പുറത്ത് മാലിന്യം സംസ്‌കരണത്തിനുവേണ്ടി വാദിക്കുകയും കൗണ്‍സില്‍ യോഗത്തില്‍ കടകവിരുദ്ധമായ നിലപാടു സ്വീകരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നു ഭരണസമിതി കുറ്റപ്പെടുത്തി. ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകിയതോടെ  ബഹളം രൂക്ഷമാവുകയായിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
Next Story

RELATED STORIES

Share it