malappuram local

മഞ്ചേരി നഗരസഭയ്‌ക്കെതിരേ പ്രതിഷേധം ശക്തം

മഞ്ചേരി: പ്രാഥമികാവശ്യങ്ങള്‍ക്കുള്ള പൊതുസംവിധാനം അടച്ചുപൂട്ടിയ മഞ്ചേരി നഗരസഭയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ പൂട്ടിയ പഴയ ബസ് സ്റ്റാന്റിലുള്ള കംഫര്‍ട് സ്റ്റേഷന്‍ ഒരാഴ്ചയോളമായി തുറക്കാന്‍ നടപടിയില്ലാത്തത് യാത്രക്കാരടക്കം നൂറുകണക്കിനാളുകളെ വലയ്ക്കുകയാണ്. ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നഗരസഭാധികൃതര്‍ പുലര്‍ത്തുന്നതെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസ് ടാങ്കില്‍ നിന്നു മാലിന്യം പുറത്തേക്കൊഴുകുന്ന നിലയിലാണ്. ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തോടു ചേര്‍ന്നുള്ള ഓട അടഞ്ഞ് മഴവെള്ളം ഗതിമാറി കക്കൂസ് ടാങ്കിലേയ്‌ക്കെത്തുന്നതാണു പ്രശ്‌നത്തിന് കാരണം. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഓടകള്‍ ശുചീകരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും മാലിന്യ പ്രശ്‌നം പരിഹരിച്ച് കംഫര്‍ട് സ്റ്റേഷന്‍ തുറക്കാന്‍ അനിവാര്യമായ ഇടപെടല്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നത്തില്‍ തികഞ്ഞ അനാസ്ഥയാണ് നഗരസഭ ഭരണസമിതിയുടെ ഭാഗത്തുനിന്നുള്ളതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ്ബാബു പറഞ്ഞു.
ദിവസങ്ങളായി തുടരുന്ന പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയെ കണ്ടിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ നില തുടര്‍ന്നാല്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it