malappuram local

മഞ്ചേരി നഗരസഭയ്ക്ക് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

മഞ്ചേരി: അടുത്ത കേരളപ്പിറവിയോടെ മഞ്ചേരി നഗരസഭാ കാര്യാലയത്തിനു സ്ഥലപരിമിതി പ്രശ്‌നത്തില്‍ നിന്നു മോചനമാവും. നഗരസഭയ്ക്ക് പുതിയ ആസ്ഥാനം ഒരുക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മുമ്പ് നഗരസഭ കാര്യാലയം പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് റോഡിലെ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് റോഡിന് എതിര്‍വശത്തുള്ള സ്ഥലത്താണ് വ്യാപാര സമുച്ചയത്തോടുകൂടിയ കെട്ടിടം നിര്‍മിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കി അടുത്ത നവംബര്‍ 1ന് പുതിയ കെട്ടിടത്തില്‍ ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ വി എം സുബൈദ പറഞ്ഞു.  12.5 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിക്കുന്നത്. പ്രവൃത്തികള്‍ക്കായി ആദ്യഘട്ടത്തില്‍ നഗരസഭ 9.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി അനുവദിക്കുമെന്ന് ഉപാധ്യക്ഷന്‍ വി പി ഫിറോസ് വ്യക്തമാക്കി. കെട്ടിടത്തിന്റെ മുന്‍വശം വ്യാപാരാവശ്യങ്ങള്‍ക്കുള്ള മുറികളും പിന്നില്‍ നഗരസഭാ കാര്യാലയവുമാണ്. നിലവില്‍ കോഴിക്കോട് റോഡില്‍ തന്നെ നഗരസഭയുടെ അധീനതയിലുള്ള കെ മാധവന്‍നായര്‍ സമാരകം കേന്ദ്രീകരിച്ചാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര സൗകര്യങ്ങളില്ലാത്തിനാല്‍ കൗണ്‍സില്‍ ഹാളും അധ്യക്ഷയുടേയും ഉപാധ്യക്ഷന്റേയും ഓഫിസുകളും മാധവന്‍നായര്‍ സ്മാരകത്തിലെ കോണ്‍ഫറന്‍സ് ഹാളിലും ഓഫിസ് തൊട്ടുത്തുള്ള കെട്ടിടത്തിലുമാണ്. ഇത് വിവിധാവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നുണ്ട്. കെട്ടിടം വിപുലീകരിക്കുന്നതിന് 2003ലാണ് നഗരസഭാ കാര്യാലയം താല്‍ക്കാലിക സംവിധാനത്തിലേയ്ക്ക് മാറ്റിയത്. എന്നാല്‍, ഇക്കാലമത്രയും പഴയ കെട്ടിട സമുച്ചയം പൊളിച്ച് നവീകരിക്കാന്‍ നടപടിയുണ്ടായില്ല.
Next Story

RELATED STORIES

Share it