malappuram local

മഞ്ചേരി ഗേള്‍സ് സ്‌കൂളില്‍ പിങ്ക് വാഷ്‌റൂം തുറന്നു

മഞ്ചേരി:  ആധുനിക പിങ്ക് വാഷ്റൂം മഞ്ചേരി ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. രാജ്യത്തു തന്നെ പൊതുമേഖല വിദ്യാലയത്തില്‍ വിദേശ മാതൃകയിലുള്ള ശുചിമുറി കോംപ്ലക്‌സ് ഒരുക്കുന്നത് ഇതാദ്യമായാണ്. കളരി ആചാര്യ പത്മശ്രീ കടത്തനാട്ട് മീനാക്ഷി രാഘവന്‍ ഗുരുക്കള്‍ പിങ്ക് വാഷ്‌റൂം വിദ്യാലയത്തിനു സമര്‍പ്പിച്ചു.
യൂറോപ്യന്‍ മാതൃകയിലുള്ള 10 ശുചിമുറികള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും ശുചിത്വം ഉറപ്പാക്കാനും പ്രത്യേക സംവിധാനങ്ങള്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ഉപയോഗിച്ച നാപ്കിനുകള്‍ കത്തിച്ചു കളയാനുള്ള ഇന്‍സിനിയറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളാണ് വിദ്യാര്‍ഥിനികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുല്ലഞ്ചേരി ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സാമൂഹിക പ്രതിബന്ധതാ ഫണ്ട് ഉപയോഗപ്പെടുത്തി 99 പോസിറ്റീവ് സര്‍ക്കിള്‍ കൂട്ടായ്മയാണ് സംവിധാനം യാഥാര്‍ഥ്യമാക്കിയത്.
2000ല്‍ പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ 76 പേര്‍ ഭിന്നശേഷിക്കാരായുണ്ട്. മീനാക്ഷി ഗുരുക്കള്‍ക്കൊപ്പം സ്ത്രീ സുരക്ഷ, ആരോഗ്യം, ശുചിത്വ ബോധം തുടങ്ങിയവയുടെ പ്രതീകങ്ങളായി 99 പിങ്ക് ബലൂണുകള്‍ വാനിലുയര്‍ത്തി വിദ്യാര്‍ഥിനികളും ഉദ്ഘാടനത്തില്‍ പങ്കാളികളായി. നഗരസഭ അധ്യക്ഷ വി എം സുബൈദ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് സ്ട്രാറ്റജിസ്റ്റ് ഗിരീഷ് ദാമോദരന്‍ പദ്ധതി വിശദീകരിച്ചു. ഭരത് ദാസ് വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വല്ലാഞ്ചിറ മുഹമ്മദലി, സജ്‌ന, ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അഷ്‌റഫ്, നഗരസഭാംഗങ്ങളായ കൃഷ്ണദാസ്രാജ, അഡ്വ. കെ ഫിറോസ്ബാബു, പിടിഎ പ്രസിഡന്റ് സി പി മുസ്തഫ, പുല്ലഞ്ചേരി ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസിലെ ഇഖ്ബാല്‍, സ്വാലിഹ് പുല്ലഞ്ചേരി, പ്രിന്‍സിപ്പാള്‍ കെ പി ജയശ്രീ, പ്രധാനാധ്യാപകന്‍ എന്‍ മോഹന്‍ദാസ്, സലിം മണ്ണിശേരി, മഞ്ചേരി നാസര്‍, കെ വി നൗഷാദ്, സ്‌കൂള്‍ ലീഡര്‍ കെ വി മഞ്ചിമ സംസാരിച്ചു.
Next Story

RELATED STORIES

Share it