malappuram local

മഞ്ചേരി എലമ്പ്രയിലെ കുട്ടികള്‍ക്ക് പുതിയ അധ്യയനവര്‍ഷവും നടത്തംതന്നെ തുണ

മഞ്ചേരി: ഉള്‍നാടന്‍ പ്രദേശമായ എലമ്പ്രയില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രൈമറി വിദ്യാലയം വേണമെന്ന നാട്ടുകാരുടെ മൂന്നര പതിറ്റാണ്ടുനീണ്ട ആവശ്യത്തിന് ഇത്തവണയും സര്‍ക്കാറിന്റെ പരിഗണന ലഭിച്ചില്ല. കോടതിയേയും ബാലാവകാശ കമ്മീഷനേയും ജനപ്രതിനിധികളേയും ജില്ലാ കലക്ടറടക്കമുള്ള ഉദ്യോഗസ്ഥരേയും നിരന്തരം സമീപിച്ചിട്ടും വിദ്യാഭ്യാസം നേടാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ട ഗതികേടുതന്നെയാണ് ഗ്രാമത്തിലെ ഇളം തലമുറയ്ക്കും.
വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമമനുസരിച്ച് എല്‍പി സ്‌കൂള്‍ സ്ഥാപിക്കുന്നതിന് എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ സാധിച്ചിട്ടും എലമ്പ്രയിലെ നാട്ടുകാരുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കുകയായിരുന്നു. വിദ്യാലയത്തിനായി പ്രവര്‍ത്തിക്കുന്ന പ്രദേശവാസി ടി മുഹമ്മദ് ഫൈസി ബാലാവകാശ സംരക്ഷണ കമ്മീഷനു നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടികളിലാണ് പുതിയ വിദ്യാലയത്തിന് എലമ്പ്രയെ പരിഗണിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പുതുതായി സ്‌കൂളുകള്‍ അനുവദിക്കുന്നതും, അപ്‌ഗ്രേഡ് ചെയ്യുന്നതും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മാപ്പിങിലൂടെയാണെന്ന് സര്‍ക്കാറിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു. പുതിയ സ്‌കൂളുകള്‍ തുടങ്ങുന്നത് സര്‍ക്കാറിന്റെ നയപരമായ കാര്യവുമാണ്.
ഇതനുസരിച്ച് എസ്എസ്എ സര്‍വേ നടത്തിയതില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഉള്ള 82 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് സ്ഥലങ്ങളിലെ 14 വയസ്സിനു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത പ്രദേശത്തെ സ്‌കൂളിലേക്ക് പോവുന്നതിന് തദ്ദേശ ഭരണ സഥാപനങ്ങളുടെ സഹായത്തോടെ വാഹന സൗകര്യം ലഭ്യമാക്കുമെന്നുമാണ് ബാലാവകാശ കമ്മീഷന് ലഭിച്ച മറുപടി. ഈ പട്ടികയില്‍ എലമ്പ്ര സ്‌കൂള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പുതിയ സ്‌കൂള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുമ്പോള്‍ അപേക്ഷകന് വീണ്ടും സര്‍ക്കാറിനെ സമീപിക്കാവുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതെന്ന് ബാലാവകാശ കമ്മീഷന്‍ പരാതിക്കാരനായ ടി മുഹമ്മദ് ഫൈസിയെ അറിയിച്ചിട്ടുണ്ട്.
കാലങ്ങളായി അഞ്ച് കിലോമീറ്റര്‍ വരെ സഞ്ചരിച്ചാണ് ഈ നാട്ടിലെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നേടുന്നത്. കിലോമീറ്ററുകള്‍ നടന്ന് വിദ്യാലയങ്ങളിലെത്തേണ്ട അവസ്ഥയുള്ളതിനാല്‍ ഗ്രാമത്തിലെ മുന്‍ തലമുറക്കാര്‍ പലരും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരാണ്. ഇതേതുടര്‍ന്ന് 1985ലാണ് നാട്ടില്‍ പ്രൈമറി വിദ്യാലയം കൊണ്ടുവരാന്‍ ജനകീയ മുന്നേറ്റമുണ്ടാവുന്നത്. വിദ്യാലയത്തിനായി നാട്ടുകാര്‍ പണം സ്വരൂപിച്ച് സ്ഥലവും അന്ന് വാങ്ങി.
വെറുതെ കിടക്കുന്ന സ്ഥലം ഇപ്പോള്‍ കുട്ടികള്‍ കളിക്കളമാക്കിയിരിക്കുകയാണ്. ആര്‍ടിഇ ആക്ട് പ്രകാരം കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രൈമറി വിദ്യാലയം വേണമെന്നാണ് ചട്ടം. എന്നാല്‍, എലമ്പ്ര നിവാസികള്‍ക്ക് ഈ ചട്ടമൊന്നും ബാധകമല്ലെന്ന നിലപാടാണ് ഇക്കാലമത്രയും മാറി മാറി വന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it