malappuram local

മഞ്ചേരിയില്‍ വീണ്ടും അനധികൃത ഓട്ടോ സര്‍വീസ് പെരുകുന്നു

മഞ്ചേരി: പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ നിരത്ത് കൈയടക്കുന്നത് തടയുന്നതില്‍നിന്നു പോലിസും മോട്ടോര്‍ വാഹന വകുപ്പും പിന്‍മാറിയതോടെ മഞ്ചേരിയില്‍ നിയമവിധേയമായി സര്‍വീസ് നടത്തുന്ന തൊഴിലാളികള്‍ ജീവിത പ്രതിസന്ധിയില്‍. ഒട്ടോറിക്ഷകളുടെ അനധികൃത സര്‍വീസ് സംബന്ധിച്ച് ഓട്ടോ തൊഴിലാളികളും വിവിധ സംഘടനകളും നിരന്തരം പരാതി നല്‍കിയിട്ടും ഇത് ഫലപ്രദമായി തടയാന്‍ നിയമ പാലകര്‍ക്കായിട്ടില്ല. മാസങ്ങള്‍ക്കുമുമ്പ് ട്രാഫിക് പോലിസ് നഗരത്തില്‍ പരിശോധന നടത്തി അനധികൃത സര്‍വീസിലേര്‍പ്പെട്ട 25 ഓട്ടോറിക്ഷകള്‍ പിടികൂടിയിരുന്നു. എന്നാലിതിന്റെ തുടര്‍ച്ച പിന്നീടുണ്ടായില്ല. ഇതോടെ നഗരം കേന്ദ്രീകരിച്ചുള്ള അനധികൃത സര്‍വീസ് പെരുകുകയാണ്. ആയിരത്തിയഞ്ഞൂറോളം ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് അനുമതിയുള്ള നഗരത്തില്‍ അനുമതി ഇല്ലാതെ നൂറുകണക്കിന് ഓട്ടോറിക്ഷകളാണു നിരത്തിലിറങ്ങുന്നത്. സ്റ്റാന്റില്‍ കയറാതെ റോഡുകളില്‍ കറങ്ങി യാത്രക്കാരെ കയറ്റിപ്പോവുന്ന രീതിയാണ് ഇത്തരക്കാര്‍ സ്വീകരിക്കുന്നത്. ബസ്സുകള്‍ നിര്‍ത്തി ആളെ ഇറക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് യാത്രക്കാരെ റാഞ്ചുന്നവര്‍ പെര്‍മിറ്റോടുകൂടി സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ്. നഗരത്തില്‍ ബസ്സുകള്‍ നിര്‍ത്തുന്ന ഭാഗങ്ങളിലെല്ലാം ഇത്തരം അനധികൃത സര്‍വീസുകള്‍ ധാരാളമുണ്ട്. ഓട്ടോ സ്റ്റാന്റ് അന്വേഷിച്ച് കഷ്ടപ്പെടേണ്ട എന്ന കാരണം കൊണ്ട് യാത്രക്കാരും ഇങ്ങനെ പിറകെ വരുന്ന ഓട്ടോകളെ ആശ്രയിക്കുന്നു. ഇത് നിര്‍ബാധം തുടരുമ്പോള്‍ എല്ലാ നിയമങ്ങളും പാലിച്ച് സര്‍വീസ് നടത്തുന്ന തൊഴിലാളികളും ഓട്ടോറിക്ഷകളും സ്റ്റാന്റില്‍ തന്നെ വരിയായി കിടക്കേണ്ടി വരികയാണ്. പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്ക് ഇപ്പോള്‍ കാര്യമായി ഓട്ടം കിട്ടുന്നില്ല. ഇന്ധന വിലയും ജീവിത ചെലവും വര്‍ധിക്കുമ്പോള്‍ കുടുംബം പുലര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സാധാരണക്കാരായ ഓട്ടോ തൊഴിലാളികള്‍ പറയുന്നു. സമീപ പ്രദേശങ്ങളിലെ ഓട്ടോറിക്ഷകളാണിങ്ങനെ നഗരത്തി അനധികൃത സര്‍വീസില്‍ ഏര്‍പ്പെടുന്നത്. പെര്‍മിറ്റില്ലെന്ന് മാത്രമല്ല, നിയമം അനുശാസിക്കുന്ന ഫെയര്‍ മീറ്ററും ഇത്തരം ഓട്ടോറിക്ഷകളില്‍ ഉണ്ടാവാറില്ല. നിയമത്തെ കബളിപ്പിച്ച് സര്‍വീസ് നടത്തുന്നവര്‍ യാത്രക്കാരില്‍ നിന്നു അമിത ചാര്‍ജ് ഈടാക്കുന്നെന്ന പരാതിയും വ്യാപകമായുണ്ട്. ഇതിന്റെ പഴിയും അംഗീകൃത ഓട്ടോ തൊഴിലാളികള്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്. നഗരത്തില്‍ അനുദിനം വന്നുപോവുന്ന ഓട്ടോറിക്ഷകളെ നിരീക്ഷിക്കാനും നിയമ പാലനം ഉറപ്പാക്കാനും നിലവില്‍ സംവിധാനങ്ങള്‍ ഏതുമില്ല. സാധാരണ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസിലെത്തി രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് നമ്പര്‍ നല്‍കുന്നതില്‍ മാത്രമൊതുങ്ങുന്നു അധികൃത നീതി. ഇടയ്ക്ക് പോലിസ് പരിശോധനയുമായി രംഗത്തിറങ്ങിയതോടെ കുറഞ്ഞിരുന്ന അനധികൃത സര്‍വീസ് നടപടികളുടെ അഭാവത്തില്‍ നിര്‍ബാധം തുടരുകയാണിപ്പോള്‍.
Next Story

RELATED STORIES

Share it