മഞ്ചേരിയില്‍ വന്‍ ലഹരിമരുന്നു വേട്ട; ബിബിഎ വിദ്യാര്‍ഥി പിടിയില്‍

മഞ്ചേരി: ലഹരിമരുന്നായി ഉപയോഗിക്കുന്ന ഗുളികകള്‍ വില്‍പനയ്‌ക്കെത്തിച്ച വിദ്യാര്‍ഥി മഞ്ചേരിയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തൂത സ്വദേശി നീലത്തു വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ അമല്‍ കൃഷ്ണന്‍ (20)ആണ് അറസ്റ്റിലായത്.
എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാണ്ടിക്കാട് റോഡിലെ പുതിയ ബസ്‌സ്റ്റാന്റ് പരിസരത്തു നിന്ന് 490 നിട്രാസെപാം’ഗുളികകളുമായി യുവാവ് പിടിയിലാവുകയായിരുന്നു. മാനസിക വിഭ്രാന്തിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നാണിത്. രോഗമില്ലാത്തവര്‍ ഒരു ഗുളിക കഴിച്ചാല്‍ തന്നെ ദിവസം മുഴുവന്‍ ലഹരി ലഭിക്കും എന്നതാണു യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഗന്ധത്താല്‍ തിരിച്ചറിയാനാവില്ലെന്നതും കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും ഇത്തരം ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതിനു പ്രധാന കാരണമാണ്. മലപ്പുറം ജില്ലയിലെ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്നവരെ ലക്ഷ്യമിട്ടാണ് അമല്‍ ഗുളികകള്‍ വില്‍പനയ്‌ക്കെത്തിച്ചതെന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി ശ്യംകുമാര്‍ പറഞ്ഞു.
കോയമ്പത്തൂരില്‍ ബിബിഎക്ക് പഠിക്കുന്ന അമല്‍ അവിടെ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്കെത്തിയത്. ഓരോ ഇടപാടിലും വന്‍ തുകയാണ് ഇതിനു ലാഭമായി ലഭിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ കേരളത്തിലെവിടെയും ഈ ഗുളിക ലഭിക്കില്ലെന്നതിനാല്‍ പോണ്ടിച്ചേരിയില്‍ നിന്നു വാങ്ങിയാണ് നിട്രാസെപാം സംസ്ഥാനത്ത് വില്‍പനയ്‌ക്കെത്തിക്കുന്നത്.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീര്‍, ഐബി പ്രിവന്റീവ് ഓഫിസര്‍ ഷിജുമോന്‍, പ്രിവന്റീവ് ഓഫിസര്‍ രാമന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സഫീറലി, രഞ്ജിത്ത്, ഉമ്മര്‍കുട്ടി, സാജിദ്, അബ്ദുല്‍ റഫീഖ്, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണു പരിശോധന നടത്തിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it