malappuram local

മഞ്ചേരിയില്‍ ബസ് ജീവനക്കാരന്റെ കൊലപാതകം: ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയത് രണ്ടു വര്‍ഷം മുമ്പ്

മഞ്ചേരി: മഞ്ചേരിയില്‍ ബസ് ജീവനക്കാരന്‍ കൊല ചെയ്യപ്പെട്ടസംഭവത്തിന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഇരു ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട്. രണ്ടുവര്‍ഷം മുമ്പത്തെ സംഭവത്തില്‍ കിങ്‌സ് ബസ്സിലെ റൈറ്റര്‍ അലി അക്ബര്‍ പീപിള്‍സ് ബസ്സിലെ ഡ്രൈവര്‍ റഷീദലിയുടെ പല്ല് ഒരു പ്രത്യേക ആയുധം ഉപയോഗിച്ച് തകര്‍ത്തിരുന്നു.
ഈ സംഭവത്തിനു ശേഷം റഷീദലി പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ചില ബസ് ജീവനക്കാര്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അലി അക്ബര്‍ കിങ്‌സ് ബസ്സില്‍ തിരിച്ചെത്തുന്നത്. അന്നത്തെ സംഭവത്തില്‍ കേസെടുത്തവെങ്കിലും പോലിസ് കാര്യമായി അന്വേഷണം നടത്താതെ ചിലരുടെ സ്വാധീനത്താല്‍ തേച്ചുമായ്ച്ചു കളയുകയായിരുന്നുവത്രെ.
ഉവൈസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏമങ്ങാട് സ്വദേശിയായ അലി അക്ബറും(30) ക്ലീനര്‍ മനോജും(29) മിഖ്ദാദുമാണ് മുഖ്യ പ്രതികളെന്നാണ് പോലിസിന് ലഭിച്ച വിവരം. ഉവൈസിനെ കുത്താനുപയോഗിച്ച ആയുധം തൂവ്വൂരില്‍വച്ച് മനോജ് കാണിച്ചിരുന്നു. ഈ ആയുധമുപയോഗിച്ചാണ് പിന്നീട് പുതിയ ബസ്സ്റ്റാന്റില്‍ വച്ച് അലി അക്ബര്‍ ഉവൈസിനെ ഇടിച്ചത്. തലയ്‌ക്കേറ്റ നാലോളം ആഴത്തിലുള്ള മുറിവുകളാണ് മരണ കാരണം. സംഭവത്തിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് ഉവൈസിന് കുത്തേറ്റ വിവരമറിയുന്നത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേക്കും കൊണ്ടു പോവുന്നതിനിടെ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ മറ്റു കിങ്‌സ് ബസ്സുകളിലെ ജീവനക്കാരും പങ്കെടുത്തിട്ടുണ്ടോയെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള ഏഴുപേരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. മനോജ് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായുള്ള ആരോപണവും പോലിസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. മലപ്പുറം ഡിവൈഎസ്പിക്കാണ് അന്വേഷണചുമതല.
Next Story

RELATED STORIES

Share it