മഞ്ചേരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് 2 മരണം

പെരിന്തല്‍മണ്ണ: പാണ്ടിക്കാട് സെന്‍ട്രല്‍ ജങ്ഷനില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ കണ്ണൂര്‍ കാട്ടാമ്പള്ളി ചെന്നിയന്‍ ഹൗസില്‍ അബ്ദുറഹ്മാന്റെ മകന്‍ റഹീസ് (35), മേലാറ്റൂര്‍ ഉച്ചാരക്കടവിലെ പായംകുളത്ത് ഹൗസില്‍ മുഹമ്മദിന്റെ മകന്‍ ഇല്യാസ് (28) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു സംഭവം.
പാലായില്‍ നിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ്സും അലനല്ലൂരില്‍ നിന്ന് കോഴികളുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ ലോറി ബസ്സിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ബസ് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറി. ലോറി മറിഞ്ഞാണ് റഹീസും ഇല്യാസും മരിച്ചത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറിയിലുണ്ടായിരുന്ന വയനാട് സ്വദേശി മനോജിന്റെ നില ഗുരുതരമാണ്. പാണ്ടിക്കാട് പോലിസും നാട്ടുകാരും അമ്പംകുന്ന് നേര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുന്നവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മരണപ്പെട്ട റഹീസ് പുതിയതെരുവില്‍ കോഴിയിറച്ചി മൊത്തവ്യാപാര കടയുടെ മിനിലോറി ഡ്രൈവറാണ്. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. കാട്ടാമ്പള്ളി ബാലന്‍കിണറിനടുത്ത പരേതനായ അബ്ദുറഹ്മാന്‍-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫഹിദ. മകന്‍: ആശിഫ്. സഹോദരങ്ങള്‍: ബീവി, സലീം, അന്‍വര്‍, റഫീന, റുഖിയ. മുര്‍ഷിദ ഷെറിനാണ് ഇല്യാസിന്റെ ഭാര്യ. മകള്‍: ഇനായ ഫാത്തിമ.
Next Story

RELATED STORIES

Share it