malappuram local

മഞ്ചേരിയില്‍ തകര്‍ന്ന നിരത്തുകളില്‍ ദുരിതയാത്ര

മഞ്ചേരി: തകര്‍ന്നടിഞ്ഞ നിരത്തുകള്‍ ഗതാഗത യോഗ്യമാക്കാന്‍ നടപടി വൈകുന്നത് മഞ്ചേരിയില്‍ വാഹനയാത്രികരുടെ നടുവൊടിക്കുന്നു. നഗരമധ്യത്തില്‍ പ്രധാന നാലു റോഡുകളും തീര്‍ത്തും തകര്‍ന്നുകിടക്കുകയാണ്.
പാണ്ടിക്കാട് റോഡില്‍ പഴയ ബസ്സ്റ്റാന്റിനു സമീപവും കോര്‍ട്ട് റോഡില്‍ ആശുപത്രി പടിയിലുമാണ് പ്രശ്‌നം ഗുരുതരം. റോഡിന്റെ തകര്‍ച്ച നിരന്തരമുള്ള അപകടങ്ങള്‍ക്കു കാരണമായിട്ടും ഇക്കാര്യത്തില്‍ പൊതുമരാമത്തു വകുപ്പ് അനങ്ങാപ്പാറ നയം തുടരുകയാണ്. തിരക്കേറിയ പാണ്ടിക്കാട് റോഡില്‍ പഴയ ബസ് സ്റ്റാന്റിനും പുതിയ ബസ് സ്റ്റാന്റിനുമിടയില്‍ റോഡിന്റെ മധ്യഭാഗമാണ് തകര്‍ന്നുകിടക്കുന്നത്.
ടാറിളകി രൂപപ്പെട്ട കുഴികള്‍ വാഹന ഗതാഗതത്തിനു തടസ്സമാവുമ്പോള്‍ ദിശമാറി വാഹനങ്ങളെത്തുന്നതാണ് ഭീഷണി. കുഴികളില്‍ ചാടി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമാണ്. കോര്‍ട്ട് റോഡില്‍ ആശുപത്രിപ്പടിയില്‍ മെഡിക്കല്‍ കോളജ് കവാടത്തിനു മുന്നില്‍ തകര്‍ന്ന പാതയില്‍ വാഹന ഗതാഗതം ഏറെ ദുഷ്‌ക്കരമാണ്. മെഡിക്കല്‍ കോളജിലേക്ക് രോഗികളുമായെത്തുന്ന ആംബുലന്‍സികള്‍ക്കു പോലും സുഗമമായി കടന്നുപോവാനാവാത്ത അവസ്ഥയാണ്.
റോഡിന്റെ തകര്‍ച്ച ആതുരാലയ പ്രവേശന കവാടത്തിനു മുന്നില്‍ രാപകല്‍ ഭേദമില്ലാത്ത ഗതാഗത കുരുക്കിനും കാരണമാവുന്നുണ്ട്. നിലമ്പൂര്‍ റോഡില്‍ മേലാക്കത്തും കോഴിക്കോട് റോഡില്‍ തുറക്കല്‍ ജങ്ഷനിലും സ്ഥിതി വ്യത്യസ്തമല്ല. നിരത്തുകളുടെ തകര്‍ച്ച അപകടങ്ങളും ഗതാഗത കുരുക്കും വര്‍ധിപ്പിക്കുമ്പോള്‍ ട്രാഫിക് പോലിസും നഗരത്തില്‍ നോക്കുകുത്തികളാവുകയാണ്. കാലവര്‍ഷാരംഭത്തിനു മുന്‍പു തന്നെ തകര്‍ന്നു തുടങ്ങിയ പാതകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം.
ഇക്കാര്യത്തില്‍ തികഞ്ഞ അലംഭവമാണ് മരാമത്തു വകുപ്പിന്റേതെന്ന് ബസ്-ടാക്‌സി തൊഴിലാളികളും യാത്രക്കാരും വ്യാപാരികളും പരാതിപ്പെടുന്നു. പ്രശ്‌ന പരിഹാരത്തില്‍ നടപടി വൈകുമ്പോള്‍ ജനരോഷവും ശക്തമാണ്.

Next Story

RELATED STORIES

Share it