malappuram local

മഞ്ചേരിയില്‍ ജനാരോഗ്യത്തിന് ഭീഷണിയായി തെരുവു നായകള്‍

മഞ്ചേരി: ദേഹമാസകലം വ്രണങ്ങള്‍ രൂപപ്പെട്ട തെരുവുനായകള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്തും മാര്‍ക്കറ്റിനു സമീപവും പെരുകുന്നത് ജനാരോഗ്യത്തിന് വെല്ലുവിളിയാവുന്നു. മുഖത്തും തൊലിയിലും വ്രണങ്ങള്‍ രൂപപ്പെട്ട നിലയിലാണ് നായകളുള്ളത്. ആശുപത്രി പരിസരത്താണ് ഇവ കൂടുതലും. ഇതോടെ സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് രോഗികളും കൂട്ടിരിപ്പുകാരും ആതുരാലയത്തിലെ ജീവനക്കാരും.പ്രശ്‌നം രൂക്ഷമായിട്ടും ഇവയെ തുരത്താന്‍ നടപടികളുണ്ടായിട്ടില്ല. കാല്‍നടയാത്രക്കാര്‍ക്കു വെല്ലുവിളിയായി തെരുവുനായ ശല്യം വീണ്ടും നഗരത്തില്‍ പെരുകുകയാണ്. ബൈപാസുകളും റിങ് റോഡുകളുമെല്ലാം തെരുനായകളുടെ വിഹാര കേന്ദ്രങ്ങളായി മാറി. ഇവയെ വന്ധ്യംകരിക്കാന്‍ നഗരസഭ നടപ്പാക്കിയ അഞ്ചു ലക്ഷം രൂപയുടെ പദ്ധതി ലക്ഷ്യം കാണാതെ നിലച്ചതിനുശേഷം ജനവാസ കേന്ദ്രങ്ങളില്‍ പോലും നായകളുടെ ശല്യം പെരുകുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് രോഗബാധയുള്ള നായ്ക്കള്‍ നഗരത്തിലെ നിത്യ കാഴ്ചയാവുന്നത്. ഇതുയര്‍ത്തുന്ന ആരോഗ്യ ഭീഷണി സംബന്ധിച്ച് ജനങ്ങളുടെ സന്ദേഹമകറ്റാനും ശ്രമങ്ങളില്ല. മെഡിക്കല്‍ കോളജ് പരിസരം നായകളുടെ സൈ്വരവിഹാര കേന്ദ്രമാണ്. ഇവിടങ്ങളില്‍ പെറ്റുപെരുകുന്ന ഇവയുടെ ശല്യം കാരണം രാത്രി ആശുപത്രിയിലെത്തുന്നവര്‍ക്ക് പുറത്തിറങ്ങി സഞ്ചരിക്കാന്‍ കഴിയുന്നില്ല. തെരുവു വിളക്കുകളുടെ കുറവും വെല്ലുവിളിയാണ്. മാലിന്യാതിപ്രസരമാണ് നായകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. മാലിന്യ സംസ്‌കരണത്തിന് നഗരസഭ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ കാര്യക്ഷമത ഉറപ്പാക്കാനായിട്ടില്ല. ഭക്ഷ്യ മാലിന്യവും മാംസാവശിഷ്ടങ്ങളും ഇപ്പോഴും പൊതുനിരത്തുകളില്‍ തന്നെയാണ് തള്ളുന്നത്. ഇതില്‍ തീറ്റ തേടിയെത്തുന്ന നായകള്‍ റോഡിലെ വിജന പ്രദേശങ്ങള്‍ താവളമാക്കുകയാണ്. മെഡിക്കല്‍ കോളജ് പരിസരത്തും ബസ്സ്റ്റാന്റുകളിലും മാലിന്യം തള്ളല്‍ നിര്‍ബാധം തുടരുന്നത് തെരുവുനായകള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കുകയാണ്.

Next Story

RELATED STORIES

Share it