malappuram local

മഞ്ചേരിയില്‍ കൃഷിഭവന്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഒരുങ്ങുന്നു

മഞ്ചേരി: സംസ്ഥാനത്തെ ആദ്യ വ്യാപാര സമുച്ചയത്തോടുകൂടിയ കൃഷിഭവന്‍ മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷമാണ് നഗരസഭ കോടികള്‍ മുടക്കി നിര്‍മിച്ച കൃഷിഭവന്‍ കം ഷോപ്പിങ് കോംപ്ലക്‌സ് പ്രവര്‍ത്തന സജ്ജമാവുന്നത്.
നിലമ്പൂര്‍ റോഡില്‍ ജൂബിലിക്കുളത്ത്് എംപിഎ ഹസ്സന്‍ മഹ്്മൂദ് കുരിക്കളുടെ പേരിലൊരുക്കിയ കെട്ടിടം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് മന്ത്രി കെ പി മോഹനനാണ് ഉദ്ഘാടനം ചെയ്തിരുന്നത്. എന്നാല്‍, കൃഷിഭവന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടിയുണ്ടായില്ല. വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാതെയായിരുന്നു കെട്ടിട ഉദ്ഘാടനമെന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തനതു വരുമാനം വര്‍ധിപ്പിക്കാന്‍ ഒരുക്കിയ വ്യാപാര സമുച്ചയത്തിലെ മുറികള്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാല്‍ വാടകയ്ക്ക് നല്‍കാനും കഴിഞ്ഞില്ല. 2016ല്‍ ഓണച്ചന്ത നടത്താന്‍ മാത്രമാണ് ആകെ തുറന്നത്. പിന്നീട് അടച്ചിടുകയായിരുന്നു. ദീര്‍ഘകാലം നിലമ്പൂര്‍ റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷിഭവന്‍ നിലവില്‍ കച്ചേരിപ്പടിയിലെ മിനി സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്. അസൗകര്യങ്ങള്‍ പരിഹരിച്ച് കെട്ടിടം ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
ഓഫിസിന്റെ പ്രവര്‍ത്തനം ഈ മാസം തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനു മുന്നോടിയായി കര്‍ഷകര്‍ക്കുള്ള തൈവിതരണം പുതിയ ഓഫിസിലാണു നടക്കുന്നത്. മിനി സിവില്‍ സ്റ്റേഷനിലെ രേഖകളും മറ്റുരുപ്പടികളും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ കൃഷിഭവനില്‍ ബയോ ഇന്‍പുട്ട് കേന്ദ്രം, പരിശോധന ലാബ് എന്നിവ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
Next Story

RELATED STORIES

Share it