malappuram local

മഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍

മഞ്ചേരി: വാഹന ഗതാഗതക്കുരുക്ക് അനുദിനം മുറുകുന്ന മഞ്ചേരി നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡുകള്‍ മുറിച്ചു കടയ്ക്കാന്‍ സീബ്രാ ലൈനുകളില്ലാത്തത് പ്രയാസമാവുന്നു. തിരക്കേറിയ നിരത്തുകളില്‍ പാത മുറിച്ചു കടക്കാന്‍ സീബ്രാ ലൈനുകള്‍ കാണാതെ നട്ടംതിരിയുകയാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള കാല്‍നട യാത്രികര്‍. സീബ്രാലൈനുകള്‍ മാഞ്ഞുപോയ നഗര പാതകളില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു നടപടി വൈകുകയാണ്. പ്രധാന പാതകളിലെല്ലാം സീബ്രാ ലൈനുകളുണ്ടായിരുന്നെങ്കിലും കാലക്രമേണ മാഞ്ഞുപോവുകയായിരുന്നു.
മെഡിക്കല്‍ കോളജിനു മുന്നിലും മൂന്ന് ബസ് സ്റ്റാന്റുകളുടെ സമീപങ്ങളിലും സീബ്രാലൈനുകള്‍ മാഞ്ഞത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. രോഗികളും സ്ത്രീകളും വിദ്യാര്‍ഥികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് റോഡുകള്‍ മുറിച്ചു കടയ്ക്കണമെങ്കില്‍ ഏറെ നേരം കാത്തുനില്‍ക്കണം. മാഞ്ഞു തുടങ്ങിയ സീബ്രാ ലൈനുകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതും പതിവാണ്.രാവിലെയും വൈകീട്ടുമാണ് സീബ്രാ ലൈനുകളുടെ അഭാവം നഗരത്തില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. പോലിസ് ഇടപെട്ടാണ് പ്രായമേറിയവരേയും വിദ്യാര്‍ഥികളേയും പലപ്പോഴും റോഡ് കടത്തുന്നത്. ട്രാഫിക് പോലിസുകാരില്ലാത്ത ഭാഗങ്ങളില്‍ ജീവന്‍ കൈയില്‍ പിടിച്ചാണ് പലരും റോഡുകളുടെ മറുകരയെത്തുന്നത്.
മാഞ്ഞുപോയ സീബ്രാൈലനുകള്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍പെടുന്നില്ല. നേരത്തെയുണ്ടായിരുന്ന വെള്ള വരകളുടെ ഭാഗങ്ങള്‍ നോക്കി റോഡിന്റെ മറുവശത്തെത്താന്‍ ശ്രമിച്ചാല്‍ വാഹനങ്ങള്‍ക്കു മുന്നിലകപ്പെടുന്ന സ്ഥിതിയാണ്. സീബ്രാലൈനുകള്‍ നിരത്തുകളില്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും ഇക്കാര്യത്തില്‍ പൊതുമരാമത്ത് റോഡ് വിഭാഗം അനാസ്ഥ തുടരുകയാണ്.
അനധികൃത വാഹന പാര്‍ക്കിങ് തടയുന്നതില്‍ ട്രാഫിക് പോലിസും പരാജയപ്പെടുമ്പോള്‍ സ്വന്തം ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത കുട്ടികളും രോഗികളുമടക്കമുള്ള കാല്‍നട യാത്രികരില്‍ നിക്ഷിപ്തമാവുകയാണ്.
സീബ്രാലൈനുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് വാക്കേറ്റത്തിനു പോലും ഇടയാക്കിയിട്ടും പ്രശ്‌നത്തില്‍ പരിഹാര നടപടികളുണ്ടായിട്ടില്ല.

Next Story

RELATED STORIES

Share it