malappuram local

മഞ്ചേരിയിലെ റോഡ് വികസനം: റീസര്‍വേ നടത്താന്‍ തീരുമാനം

മലപ്പുറം: മഞ്ചേരി നഗരത്തില്‍ ജസീലാ ജങ്്ഷന്‍ മുതല്‍ ചെരണി വരെയുള്ള ഭാഗം വീതി കൂട്ടുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി ഭൂമി റീ സര്‍വേ നടത്താന്‍ തീരുമാനം. നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനായി ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
പൊതുമരാമത്ത് വകുപ്പും റവന്യു വകുപ്പും ചേര്‍ന്ന് ജസീലാ ജങ്്ഷന്‍ മുതല്‍ ചെരണി വരെയുള്ള ദൂരം റീ സര്‍വേ നടത്തും. അനധികൃത നിര്‍മാണങ്ങളും കെട്ടിടങ്ങളും കണ്ടെത്തി ഒഴിപ്പിക്കും. ജസീലാ ജങ്ഷനില്‍ ഫ്‌ളൈ ഓവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. മരത്താണി മുതല്‍ പട്ടര്‍കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ജസീലാ ജങ്ഷനിലെ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കും. പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയില്‍ റോഡ് വീതികൂട്ടുമ്പോള്‍ മഞ്ചേരിയിലെ ജസീലാ ജങ്ഷന്‍ മുതല്‍ നെല്ലിപ്പറമ്പ് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എതിര്‍പ്പ് വന്നതോടെ കൈയൊഴുകയായിരുന്നു. ഗതാഗതകുരുക്ക് രൂക്ഷമായതോടെ ഈ റൂട്ടില്‍ ഓട്ടോകള്‍ സര്‍വീസ് നിര്‍ത്തുകയും ബസ്സുകള്‍ റൂട്ട് മാറി ഓടുകയും ചെയ്തത് ജനരോഷത്തിന് കാരണമായി. മഴ കനത്തതോടെ നഗരത്തിലെ മിക്ക ഓടകളും നിറഞ്ഞ് റോഡിലേക്ക് വെള്ളം കയറിയിരുന്നു. രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായത് ഓട നികത്തി അനധികൃതമായി പണിത കെട്ടിടങ്ങളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
യോഗത്തില്‍ അഡ്വ. എം ഉമര്‍ എംഎല്‍എ, മഞ്ചേരി നഗരസഭാ അധ്യക്ഷ വി എം സുബൈദ, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, ഏറനാട് തഹസില്‍ദാര്‍ സുരേഷ് പി  തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it