malappuram local

മഞ്ചേരിയിലെ നിരത്തുവക്കില്‍ മാലിന്യം തള്ളല്‍ പതിവ്



മഞ്ചേരി: പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ മാറ്റമില്ലാതെ തുടരുന്ന മഞ്ചേരിയില്‍ ജനവാസകേന്ദ്രങ്ങള്‍ക്കും രക്ഷയില്ല. വീടുകളിലേയ്ക്കുള്ള നിരത്തുകളില്‍ പോലും മാംസാവശിഷ്ടങ്ങളും മറ്റു മാലിന്യവും ചാക്കില്‍ കെട്ടി തള്ളുകയാണ്. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡില്‍ നിന്നു കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന ഉദയ നഗര്‍ റോഡില്‍ മാലിന്യം തള്ളുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. നഗര മധ്യത്തോടു ചേര്‍ന്ന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്. മാംസാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയത് ചീഞ്ഞളിഞ്ഞ് പ്രദേശമാകെ ദുര്‍ഗന്ധപൂരിതമാണ്. മാലിന്യ പ്രശ്‌നത്താല്‍ പ്രദേശത്ത് താമസിക്കാനോ റോഡിലൂടെ യാത്ര ചെയ്യാനോ സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനമില്ലാത്ത മഞ്ചേരിയില്‍ ബൈപാസ് റോഡുകളും പോക്കറ്റ് റോഡുകളുമെല്ലാം മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. രാത്രിയുടെ മറവിലാണ് മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നത്. മാംസാവശിഷ്ടങ്ങള്‍ക്കു പുറമെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യം വന്‍തോതിലാണ് പൊതുസ്ഥലങ്ങളില്‍ തള്ളുന്നത്. ജനവാസ പ്രദേശങ്ങളിലും ജലാശയങ്ങള്‍ക്കടുത്തും മാലിന്യം തള്ളുന്നത് കടുത്ത വെല്ലുവിളിയായിട്ടും ഇക്കാര്യത്തില്‍ നഗരസഭ മൗനത്തിലാണ്. ഇതിനെചൊല്ലി ജനകീയ പരാതികള്‍ വ്യാപകമായിട്ടും നടപടിയെടുക്കാന്‍ പോലിസിനോ, നഗരസഭയ്‌ക്കോ സാധിച്ചിട്ടില്ല. മാലിന്യ സംസ്‌കരണ കേന്ദ്രം തുടങ്ങാന്‍ സ്ഥലം കിട്ടാനില്ലെന്ന വാദമാണ് നഗരസഭാധികൃതര്‍ പറയുന്നത്. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ നടപടിയെടുക്കാനോ പോലിസില്‍ നിന്നു ശ്രമങ്ങളില്ലാത്തത് സംഭവം ആവര്‍ത്തിക്കാന്‍ കാരണമാവുന്നു.
Next Story

RELATED STORIES

Share it