malappuram local

മഞ്ചേരിയിലെ ജനവാസ മേഖലകളില്‍ കോഴിമാലിന്യം തള്ളല്‍ തുടര്‍ക്കഥ

മഞ്ചേരി: പൊതുസ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും കോഴിമാലിന്യം തള്ളുന്നതിന് മഞ്ചേരിയില്‍ പരിഹാരമില്ല. ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഫലപ്രദമായി തടയുമെന്ന് നഗരസഭയും നിരീക്ഷണം ശക്തമാക്കുമെന്ന് പോലിസും പറയുമ്പോള്‍ മാലിന്യം തള്ളല്‍ ആവര്‍ത്തിക്കുകയാണ്.
പട്ടര്‍കുളത്ത് പുലര്‍ച്ചെ കോഴിമാലിന്യം ചാക്കില്‍ കെട്ടി തള്ളിയത് നാട്ടുകാരെ വലച്ചു. 28ാം മയിലില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വന്‍തോതില്‍ മാലിന്യം തള്ളിയിരിക്കുന്നത്.
വാഹനത്തിലെത്തിച്ച് ഉപേക്ഷിച്ച ചാക്കുകളില്‍നിന്നു മലിനജലമൊഴുകി സമീപത്താകെ പരന്നത് കടുത്ത ദുര്‍ഗന്ധത്തിനും കാരണമായി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം നിറച്ച ചാക്കുകള്‍ കണ്ടെടുത്തത്. ഇതു സംബന്ധിച്ച് നഗരസഭയിലും പോലിസിലും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സിസിടിവികളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പോലിസിന് കൈമാറി. നഗരസഭ പരിധിയില്‍ ആവര്‍ത്തിക്കുന്ന മാലിന്യ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനധികൃതമായി നടക്കുന്ന മാലിന്യംതള്ളല്‍ തടയാന്‍ നഗരസഭ പ്രത്യേക പദ്ധതിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലിതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
മാലിന്യ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ മാത്രമാണ് പോലിസും രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കുന്നത്. നിരീക്ഷണത്തിന്റേയും ശക്തമായ നടപടികളുടേയും അഭാവത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
Next Story

RELATED STORIES

Share it