malappuram local

മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരത്തിന് എതിരേ സംയുക്ത സമരവേദി

മഞ്ചേരി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് മഞ്ചേരിയില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ പ്രാഥമിക ശ്രമങ്ങള്‍ ആരംഭിച്ചതോടെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണു ടൗണ്‍ സംരക്ഷണ സമിതി. ഇതിനു മുന്നോടിയായി സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. നിലവിലെ ഗതാഗത രീതി മാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സംഘടനകളുടെ സംയുക്ത സമര വേദിയാണിപ്പോള്‍ ടൗണ്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒരുങ്ങിയിരിക്കുന്നത്.മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം സംബന്ധിച്ച് നാളെയാണ് ആര്‍ടിഎ യോഗം തീരുമാനമെടുക്കുക. മലപ്പുറത്താണ് യോഗം. ഗതാഗത രീതിയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളില്‍ സ്വകാര്യ ബസ്സുടമകള്‍, വ്യാപാരികള്‍, ടൗണ്‍ സംരക്ഷണ സമിതി തുടങ്ങി വിവിധ സംഘടനകളില്‍ നിന്നും ജില്ലാ കലക്ടര്‍ അമിത് മീണ അഭിപ്രായം തേടിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം നടന്ന അഭിപ്രായം തേടലില്‍ പ്രധാന സംഘടനകളെല്ലാം ഗതാഗത രീതി മാറ്റുന്നതില്‍ എതിര്‍പ്പാണ് അറിയിച്ചിരുന്നത്. നഗരത്തിലെ മൂന്ന് ബസ് സ്റ്റാന്റുകളും ഉപയോഗപ്രദമാക്കും വിധത്തിലുള്ള ഗതാഗത മാറ്റമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ആര്‍ടിഎയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.ബസ് ഉടമ സംഘത്തെ പ്രതിനിധീകരിച്ച് പക്കീസ കുഞ്ഞിപ്പ, മുഹമ്മദ് എന്ന നാണി, കെ വി അബ്ദുറഹിമാന്‍, വ്യാപാരി പ്രതിനിധികളായ ഇ കെ ചെറി, സലീം അപ്‌സര, ബാബു കാരാശ്ശേരി, വിദ്യാര്‍ഥി പ്രതിനിധികളായ കെ ജുനൈദ്, ഫാരിസ് വരിക്കോടന്‍, വി ആദില്‍, ബസ് യാത്രക്കാരുടെ പ്രതിനിധികളായി പി മുഹ്‌സിന്‍, എം എ ജമീല്‍, മുബാറക്ക് എടവണ്ണ യോഗത്തില്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it