മഞ്ചലില്‍ തൂങ്ങി കാട്ടിലൂടെ നാല് കിലോമീറ്റര്‍ യാത്ര; വഴിമധ്യേ യുവതിക്ക് പ്രസവം

ഹൈദരാബാദ്: കുടുംബക്കാര്‍ മഞ്ചലിലേറ്റി കിലോമീറ്ററുകളോളം ചുമന്നു കൊണ്ടുപോയ ആദിവാസി യുവതിക്ക് ഒടുവില്‍ കാനന പാതയില്‍ പ്രസവം. ആന്ധ്രപ്രദേശിലെ വിഴിയനഗരം ജില്ലയില്‍ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
റോഡുകളില്ലാത്ത, വാഹനം കടന്നുചെല്ലാത്ത ഗ്രാമത്തില്‍ നിന്നു രണ്ടു മുളവടിയും തുണിയും കൊണ്ട് നിര്‍മിച്ച മഞ്ചലിലാണ് മുത്തമ്മയെന്ന ആദിവാസിയെയും ചുമന്ന് ബന്ധുക്കള്‍ നാലു കിലോമീറ്ററോളം വനപ്രദേശത്തു കൂടി നടന്നത്. ഏഴു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രി ലക്ഷ്യമിട്ട് കല്ലുകളും ചളിയും നിറഞ്ഞ വഴിയിലൂടെയായിരുന്നു ഈ കഠിന യാത്ര. ഇത്രയും ദൂരം സഞ്ചരിച്ചപ്പോഴേക്കും യുവതിക്ക് പ്രസവവേദന കലശലായി. ഇനിയും മുന്നോട്ടു നീങ്ങിയാല്‍ അപകടമാവുമെന്നു മനസ്സിലാക്കിയ ബന്ധുക്കള്‍ യാത്ര പാതിവഴിയില്‍ നിര്‍ത്തി. കാനനപാത മുത്തമ്മയ്ക്കു പ്രസവമുറിയായി മാറി.
ഗ്രാമത്തിലേക്കൊരു റോഡ് നിര്‍മിക്കാനുള്ള അപേക്ഷയുമായി അധികൃതരെ പലതവണ കണ്ടു കെഞ്ചിയെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നു വീഡിയോ പകര്‍ത്തിയ യുവാവ് പറഞ്ഞു. വിഴിയനഗരം ജില്ലയിലെ മാസിക വലാസ ചിന്താലാ സാലൂരിലുള്ള ആദിവാസികളുടെ ദയനീയ സ്ഥിതിയാണ് ഈ വീഡിയോയില്‍ ഉള്ളത്.

Next Story

RELATED STORIES

Share it