malappuram local

മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂളിന്റെ കെട്ടിടം ഏറ്റെടുക്കല്‍ പാതിവഴിയില്‍



കൊണ്ടോട്ടി: അടച്ചു പൂട്ടിയ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂളിന്റെ കെട്ടിടം വീണ്ടെടുക്കല്‍ നടപടികള്‍ വൈകുന്നു. സ്‌കൂളിന്റെ സ്ഥലവും, കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലെത്തിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍ തട്ടിമുടങ്ങിയിരിക്കുകയാണ്. ഇതോടെ ഈ അധ്യായന വര്‍ഷം സ്‌കൂള്‍ എവിടെ പ്രവര്‍ത്തിപ്പിക്കുമെന്ന ആധിയിലാണ് നാട്ടുകാര്‍. സ്‌കൂള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വിഭാഗം 69 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതിനകത്തെ മരങ്ങള്‍ വനംവകുപ്പും, സ്‌കൂളിലെ ഫര്‍ച്ചറുകളും പൊതുമരാമത്ത് മഹ്ഷര്‍ തയ്യാറാക്കിയിട്ടുമുണ്ട്. എന്നാല്‍ തുടര്‍ നടപടികള്‍ ഇതുവരെയായിട്ടില്ല. കഴിഞ്ഞ ജൂണ്‍ 8നാണ് ഒളവട്ടൂര്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ ലാഭകരമല്ലെന്ന് ചൂണ്ടികാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപച്ചതോടെ അടച്ചുപൂട്ടിയത്. പിന്നീട്  ജൂണ്‍ 12 മുതല്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാ ഉല്‍ ഉലൂം സെകന്‍ഡറി മദ്‌റസ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. മദ്‌റസാ കെട്ടിടത്തില്‍ താല്‍ക്കാലികമായാണ് സ്‌കൂള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ പൂര്‍വ സ്ഥിതിയിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് മാറ്റിയെങ്കിലും സമാന സ്വഭാവമുളള മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ ഏറ്റെടുക്കുന്നതിന് നടപടികളായിരുന്നില്ല. വാടക പോലും വാങ്ങാതെയാണ് മദ്‌റസയുടെ കെട്ടടിത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മദ്രസയുടെ കെട്ടടിം താല്‍ക്കാലികമാണെന്നും വൈകാതെ പരിഹാരം കാണുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും, പഞ്ചായത്തും അധികൃതരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മദ്രസ കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റിയത്. സ്‌കൂള്‍ പിടിഎ യോഗത്തിലെടുത്ത തീരുമാാന പ്രകാരം വൈദ്യുത ബില്ല് സ്‌കൂള്‍ അധികൃതര്‍ അടച്ചു വരുന്നുണ്ട്. മദ്രസയുടെ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് ജൂണില്‍ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം കളക്ട്‌റേറ്റില്‍ എത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളൊന്നും ആദ്യഘട്ടത്തില്‍ നടന്നിരുന്നില്ല. അധ്യാപകരടക്കം സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാകളക്ടര്‍ക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടേയും മുന്നില്‍ വിശദീകരിച്ചതോടെയാണ് പിന്നീട് സ്ഥലം അളക്കാനും മറ്റുമെത്തിയത്. അടച്ചു പൂട്ടിയ സ്‌കൂളിന്റെ രേഖളും, കമ്പ്യൂട്ടറടക്കമുളളവയും കൊണ്ടോട്ടി എഇ ഓഫിസില്‍ കിടന്ന് തുരുമ്പെടുക്കുകയാണ്. കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ വരെ അധ്യാപകര്‍ സമാന്തര മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. എഇഒ മുഖേനയാണ് അധ്യാപകരുടെ ശമ്പള വിതരണം നടക്കുന്നത്.
Next Story

RELATED STORIES

Share it