kozhikode local

മങ്കയം രാജന്‍ കൊലപാതകം: പ്രതികളെ പ്രദേശത്തെത്തിച്ച് തെളിവെടുത്തു

നൗഷാദ് ബാലുശ്ശേരി

ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റ് മങ്കയം പ്രദേശത്ത് ആളൊഴിഞ്ഞ നടുംപാറച്ചാലില്‍ റബ്ബര്‍തോട്ടത്തില്‍ കൊലചെയ്യപ്പെട്ട നരിക്കുനി ചെമ്പന്‍കുന്ന് കല്‍കുടുമ്പ് പിലാത്തോട്ടത്തില്‍ രാജന്‍(44)യുടെ കൊലയാളികളെ സംഭവം നടന്ന പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രാജന്റെ മൊബൈലും ചെരിപ്പും ഒളിപ്പിച്ചുവച്ച കിഴക്കെ കുറുമ്പൊയിലിലെ കാറ്റാടിതോട് കരയിലാണ് പോലിസ് സംഘത്തെ ആദ്യമെത്തിച്ചത്. തോട് കരയില്‍ കുഴിയെടുത്ത് വളരെ ഭദ്രമായാണ് ഇവ കുഴിച്ചിട്ടിരുന്നത്.
മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ ആഴ്ചകള്‍ വലഞ്ഞ പോലിസ് ഒടുവില്‍ തെളിവുകള്‍ ഓരോന്നോരോന്നായി ലഭ്യമായതോടെ പ്രതികളെ വലയിലാക്കുകയായിരുന്നു. നരിക്കുനി ചെമ്പന്‍കുന്നില്‍ നിന്ന ും കാണാതായ രാജന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ 20ാം തിയതി 10.20 മുതല്‍ സ്വിച്ച് ഓഫാണെന്ന സൈബല്‍ സെല്ലിന്റെ അറിയിപ്പ് ലഭിച്ചതോടെയാണ് രാജന്‍ എവിടെയാണ് അന്വേഷണവും പോലിസ് നടത്തിയത് പ്രദേശത്ത് കണ്ട വെളുത്ത കാറിനെകുറിച്ച് പരാതിയില്‍ നിന്നും കാറ് ഒന്നാം പ്രതിയും രാജന്റെ ജ്യേഷ്ഠസഹോദരന്റെ മകനുമായ ലിബിന്റെതാണെന്നും തെളിഞ്ഞു. താമരശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, ബാലുശ്ശേരി സിഐ കെ കെ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമമാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായത്. പ്രതികളെ പിടികൂടിയതോടൊപ്പം ചിട്ടയായും തലനാരിഴകീറിയ അന്വേഷണവും ഫലം ചെയ്തു. സംഭവസ്ഥലത്തു കാണപ്പെട്ട വെള്ളക്കാറ് പ്രദേശത്തുകാരുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ അതും നിര്‍ണായകതെളിവായി ലഭിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായവരെ തേടി ബന്ധുക്കള്‍ പലരും ബാലുശ്ശേരി സ്റ്റേഷനില്‍ അന്വേഷിച്ചെത്തിയിരുന്നു. കിനാലൂരിലും പരിസരപ്രദേശങ്ങളിലും സാധാരണക്കാരെപോലെ മഫ്ടിയിലും അല്ലാതെയുമായി അന്വേഷണഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. അന്വേഷണത്തില്‍ മങ്കയം ആക്ഷന്‍ കമ്മിറ്റിയും സഹായത്തിനെത്തിയതോടെ പരിസരവാസികളുടെ സഹായവും പോലിസിനു ലഭിച്ചു.
രാജന്റെ ഭാര്യ ഷീബയും ഒന്നാം പ്രതി ലിബിനും ലിബിന്റെ സുഹൃത്തുക്കളായ കോമരം ആനന്ദനും വിപിനും ആസൂത്രണം ചെയ്താണ് വളരെ പൈശാചികമായി കൊലനടത്തിയത്. കിനാലൂര്‍ കിഴക്കെ കുറുംപൊയില്‍ മലയോരത്ത് താമസക്കാരനായ ആനന്ദനാണ് കൊലനടത്താന്‍ മങ്കയം നിടുംപാറച്ചാല്‍ റബ്ബര്‍ എസ്റ്റേറ്റ് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം ഷീബയുടെ മാതാവ് ശബരിമലദര്‍ശനത്തിന് പോയദിവസം രാത്രി ചടങ്ങില്‍ പങ്കെടുക്കാന്‍ രാജന്‍ ഭാര്യവീട്ടിലെത്തിയിരുന്നു.
അവിടെനിന്നാണ് ലിബിന്റെ കാറില്‍ രാജനെ കയറ്റി സുഹൃത്തുക്കള്‍ക്കൊപ്പം തലയാട്ടെത്തിയത്. അവിടെവെച്ച് ഷാപ്പില്‍ നിന്ന് കന്നാസില്‍ മദ്യം വാങ്ങിച്ച് കയ്യില്‍കരുതിയ കീടനാശിനി കള്ളില്‍ ചേര്‍ത്ത് നല്‍കാനും പദ്ധതിയിട്ടിരുന്നു. രാജന്‍ മദ്യം കഴിക്കാതിരുന്നതിനാല്‍ കിനാലൂര്‍ വട്ടോളി ബസാര്‍ വഴി കോഴിക്കോട് കരിക്കാംകുളത്തെ ബീവറേജ്‌സില്‍ നിന്ന് വിദേശമദ്യം രാജന് വേണ്ടി വാങ്ങി തിരികെ അറപ്പീടിക കറ്റോട് ഭാസ്‌കരന്റെ കടയില്‍ വെച്ച് കഴിക്കുകയും വീണ്ടും മങ്കയത്ത് ആളൊഴിഞ്ഞ കിനാലൂര്‍ എസ്‌റ്റേറ്റിലെത്തുകയും കൂട്ടം ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തു. മദ്യലഹരിയില്‍ ലക്കുകെട്ട രാജനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് കാറില്‍ കയറ്റി നിടുംപാറച്ചാലിലെത്തിച്ച് ജീവനോടെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലിസിനോട് പറഞ്ഞു
മരിച്ച യുവാവിനെ ആഴ്ചകള്‍ പിന്നിട്ടിട്ടും തിരിച്ചറിയാന്‍ കഴിയാതിരുന്നപ്പോഴാണ് സെല്‍ ഐഡി എക്‌സ്ട്രാക്ടര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയത്. നരിക്കുനിയില്‍ നടത്തിയ അന്വേഷണത്തിലാണ് രാജന്‍ എന്ന ആളിനെ കാണാനില്ലെന്നും രാജന്റെ ജേഷ്ഠസഹോദരന്റെ മകന്‍ ലിബിന് വെള്ളകാറ് ഉണ്ടെന്നും വ്യക്തമായത്.
ബാലുശ്ശേരി പോലിസിലെ ഡോഗ്‌സ്‌ക്വാഡിലെ റീമോ എന്ന പോലിസ് നായയെ ഉപയോഗിച്ചാണ് പോലിസ് തെളിവ് ശേഖരിച്ചത്. മൃതദേഹത്തിലുള്ള അടയാളങ്ങളും വസ്ത്രവും ശരീരപ്രകൃതിയുമെല്ലാമടങ്ങുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടെങ്കിലും കാണാനില്ലെന്ന പരാതി പോലിസിനു നല്‍കാതെ ഭാര്യയും കൂട്ടുപ്രതികളും പോലിസിനെ കബളിപ്പിക്കുകയായിരുന്നു. രാജന്റെ ഫോണ്‍ വിവരങ്ങള്‍ ഭാര്യ ഷീബയോട് ചോദിച്ചപ്പോള്‍ തെറ്റായ വിവരമാണ് അവര്‍ നല്‍കിയത്. ഒരു തെളിവുപോലും ബാക്കിയാക്കാതെ തെളിവുകള്‍ ഒന്നൊന്നായി നശിപ്പിച്ചത് പ്രതികള്‍ പോലിസിനോട് സമ്മതിച്ചു.നരിക്കുനി, കിനാലൂര്‍, മങ്കയം നിടുംപാറച്ചാല്‍, മരുതിന്‍ചുവട് പ്രദേശങ്ങളിലും കുറുമ്പൊയില്‍ കാറ്റാടി തോട്കരയിലും തലയാടുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
Next Story

RELATED STORIES

Share it