malappuram local

മങ്കട ഗ്രാമപ്പഞ്ചായത്ത് പരിരക്ഷാ സംഗമം : ക്രമക്കേടിനെ ചൊല്ലി സ്വാഗതസംഘം യോഗത്തില്‍ പ്രതിഷേധം



മങ്കട: ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച പരിരക്ഷ രോഗി-ബന്ധു സംഗമത്തിന്റെ പേരില്‍ പിരിച്ചെടുത്ത കണക്ക് പൂര്‍ണമായും പുറത്തുവിടാത്തതിനെ ചൊല്ലി സ്വാഗതസംഘം യോഗത്തില്‍ പ്രതിഷേധം. സപ്തംബര്‍ 19ന് നടന്ന പരിരക്ഷ സംഗമത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഒന്നരമാസം പിന്നിട്ടിട്ടും കണക്കുകള്‍ അവതരിപ്പിക്കാന്‍ കമ്മിറ്റി തയ്യാറായിരുന്നില്ല. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെയാണ് സംഗമത്തിന്റെ ഭാഗമായി രൂപീകരിച്ച സ്വാഗതസംഘം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപ്പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്തത്. എന്നാല്‍, പിരിച്ചെടുത്ത കണക്ക് സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കോ, പരിരക്ഷയുടെ നിര്‍വണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ ഓഫിസര്‍ക്കോ അറിയില്ലായിരുന്നു. സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പടെയുള്ള പുറമെനിന്നുള്ള കമ്മിറ്റിയുടെ കൈവശത്തിലാണ് കണക്കുണ്ടായിരുന്നത്. ഇവിടെ അവതരിപ്പിച്ച കണക്ക് പ്രകാരം 2,79,091 രൂപയാണ് ഗ്രാമപ്പഞ്ചായത്ത് പരിരക്ഷ നടത്തിപ്പിനായി പിരിച്ചെടുത്തത്. 1,16,268 രൂപ ചെലവഴിച്ചതായും കണക്കുകളില്‍ പറയുന്നു. എന്നാല്‍, ഇതിലും വലിയ കണക്കാണ് വൈസ് പ്രസിഡന്റ് പി കെ അബ്ബാസലി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. മങ്കടയിലെ വന്‍കിടക്കാരില്‍ നിന്നും ക്വാറി മാഫിയയില്‍ നിന്നും വലിയ തുക കൈപ്പറ്റിയെന്നും കുടുംബശ്രീ യൂനിറ്റുകളില്‍നിന്ന് പോലും പണപ്പിരിവ് നടത്തിയതായും വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. ഈ കണക്കുകള്‍ പോലും പുറത്തുവിട്ട കണക്കിന്റെ ഇരട്ടിയോളം വരും. പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഭക്ഷണം നല്‍കിയത് മങ്കടയിലെ വ്യാപാരി വ്യവസായികളാണ്. രോഗികള്‍ക്ക് ആട്ടപ്പൊടിയുടെ പാക്കും വ്യാപാരികള്‍ സൗജന്യമായി നല്‍കിയിരുന്നു. ഓഡിറ്റോറിയം സൗജന്യമായി വിട്ട് നല്‍കി. രോഗികള്‍ക്ക് ആവശ്യമായ കട്ടിലും, ബെഡും നല്‍കിയത് മങ്കട പാലിയേറ്റീവ് കെയര്‍ യൂനിറ്റായിരുന്നു. രോഗികളെ എത്തിക്കുന്നതിന് മങ്കട സിഎച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള വാഹനവും സൗജന്യമായിരുന്നു. എന്നാല്‍, 130 രോഗികള്‍ക്ക് 148 രൂപ വിലയുള്ള ബഡ്ഷീറ്റ് മാത്രമാണ് നടത്തിപ്പ് കമ്മിറ്റി നല്‍കിയത്. അമ്പതിനായിരത്തിന് താഴെ സംഖ്യയുടെ മാത്രം ചെലവുള്ള പരിപാടിക്ക് 1,16,268 രൂപ ചെലവഴിച്ചതായാണ് പറയുന്നത്. ബാക്കി പണം ആരുടെ കൈവശമാണെന്ന് വെളിപ്പെടുത്താനും കമ്മിറ്റി തയ്യാറായിട്ടില്ലന്നും തട്ടിക്കൂട്ടിയ കണക്കുകള്‍ അംഗീകരിക്കില്ലന്നും പ്രതിപക്ഷ നേതാവ് വി കെ മന്‍സൂര്‍ പറഞ്ഞു. ഇതോടെ ബഹളത്തില്‍ മുങ്ങിയ സ്വാഗത സംഘം യോഗത്തില്‍ നിന്നു പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ രമണി അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗം മാമ്പറ്റ ഉണ്ണിയാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it