മങ്കടയില്‍ സംഘര്‍ഷം; യുവാവ് മരിച്ചു

മങ്കട: മങ്കടയില്‍ സിപിഎം പ്രവര്‍ത്തകനായ യുവാവ് മര്‍ദ്ദനമേറ്റു മരിച്ചു. മങ്കട കൂട്ടിലിലെ പൊതു പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ കുന്നശ്ശേരി അബ്ദുല്‍ നസീര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീടിനടുത്തുണ്ടായ സംഘര്‍ഷത്തിനിടെയാണു യുവാവ് മരിച്ചത്.
പരസ്ത്രീ ബന്ധം ആരോപിച്ച് അയല്‍വാസിയായ പ്രവാസിയുടെ വീട്ടിനടുത്തുവച്ചാണ് നാട്ടുകാര്‍ നസീറിനെ പിടികൂടിയത്. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ബോധരഹിതനായ നസീറിനെ പിന്നീട് പോലിസെത്തി പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ നസീറിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. കൊലപാതകത്തില്‍ നേരിട്ടുള്ള ബന്ധമുള്ളവരെന്ന് സംശയമുള്ള ആറ് പേര്‍ പോലിസ് കസ്റ്റഡിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി മങ്കട പോലിസ് പറഞ്ഞു. മുഴുവന്‍ പ്രതികളെയും കുറിച്ച് സൂചന ലഭിച്ചതായും പോലിസ് പറഞ്ഞു. നസീറിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നെന്നും ബോധം നഷ്ടപ്പെടുന്നതുവരെ ചവിട്ടിയിരുന്നതായും നസീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലിസുകാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സിഐക്കാണ് അന്വേഷണച്ചുമതല. സംഭവം രാഷ്ട്രീയ കൊലപാതകമാക്കിയുള്ള പ്രചാരണം നടക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മങ്കട, കൂട്ടില്‍ ഭാഗങ്ങളില്‍ പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
കുന്നശ്ശേരി അബ്ദുല്‍ അസീസാണ് മരിച്ച നസീറിന്റെ പിതാവ്. മാതാവ്: ഖദീജ. ഭാര്യ: ഫാത്തിമത്ത്. ഷിഫ. മക്കള്‍: സിദാന്‍ ഫാദില്‍, നിദ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാത്രി ഒന്‍പത് മണിയോടെ കൂട്ടില്‍ ജുമാമസ്ജിദില്‍ മറവ് ചെയ്തു.
Next Story

RELATED STORIES

Share it