മങ്കടയിലും വള്ളിക്കുന്നിലും ലീഗിനെ തോല്‍പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തേഞ്ഞിപ്പലം: മങ്കട-വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം. കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ പ്യൂണ്‍-വാച്ച്മാന്‍ നിയമനം നടക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുസ്‌ലിംലീഗിനാണെന്നും യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാരസമരത്തെ പരാജയപ്പെടുത്താന്‍ ലീഗ് സര്‍വീസ് സംഘടനകളും പോഷക സംഘടനകളും ശ്രമിക്കുന്നെന്നും ആരോപിച്ചാണിത്. ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളായ സഈദ് ആബിദ് ഹുസൈന്‍ തങ്ങള്‍ മങ്കടയിലും ഡോ. വി പി അബ്ദുല്‍ ഹമീദ് വള്ളിക്കുന്ന് മണ്ഡലത്തിലും സ്ഥാനാര്‍ഥികളായാല്‍ തോല്‍പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.  പ്യൂണ്‍-വാച്ച്മാന്‍ തസ്തികയിലെ നിയമനം സിപിഎമ്മിന്റെ ഭരണകാലത്ത് നടത്താന്‍ ലീഗ് സൗകര്യമൊരുക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളുടെ ആരോപണം.പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നതായിരുന്നെങ്കിലും കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് എടുത്തുചാടി നിരാഹാര സമരത്തിനിറങ്ങിയത്. വാഴ്‌സിറ്റിയിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് സര്‍വീസ് സംഘടന ലീഗ് സര്‍വീസ് സംഘടനയായ സോളിഡാരിറ്റിക്കൊപ്പമാണ്. എന്നാല്‍ ഐ ഗ്രൂപ്പ് സര്‍വീസ് സംഘടനയായ എംപ്ലോയീസ് ഫോറം നേതാക്കളാണ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയോടെ വാഴ്‌സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ കൊണ്ട് സമരം ചെയ്യിക്കുന്നത്.  വാഴ്‌സിറ്റിയില്‍ വര്‍ഗ്ഗീയത വളര്‍ത്തുകയാണെന്നു പ്രചരിപ്പിച്ച് ലീഗിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്ന ഐ ഗ്രൂപ്പിന്റെ മന്ത്രിമാര്‍ ഉള്‍പ്പെടെയുളള നേതാക്കളുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്നാണ് ലീഗിന്റെയും പോഷകസംഘടനകളുടേയും നിലപാട്്.
Next Story

RELATED STORIES

Share it