wayanad local

മക്കിയാട്- നിരവില്‍പ്പുഴ റോഡില്‍ ദുരിതയാത്ര തുടരുന്നു



മാനന്തവാടി: മക്കിയാട്-നിരവില്‍പ്പുഴ റോഡിലെ കുഴികളടയ്ക്കാന്‍ ഇനിയും നടപടികളായില്ല. മാനന്തവാടി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രാധാന്യമുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്കായി 50 ലക്ഷം രൂപ വകയിരുത്തിയെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്താണ് ദുരിതയാത്ര നീളാനിടയാക്കുന്നത്. മാനന്തവാടിയില്‍ നിന്നു നിരവില്‍പ്പുഴ, തൊട്ടില്‍പ്പാലം, കുറ്റിയാടി, വടകര ഭാഗങ്ങളിലേക്ക് നിത്യവും കെഎസ്ആര്‍ടിസ് ബസ്സുകളുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന റോഡാണ് മാസങ്ങളായി തകര്‍ന്നുകിടക്കുന്നത്. തരുവണ മുതല്‍ 10 കിലോമീറ്റര്‍ ദൂരം നിരവധി സമരങ്ങള്‍ക്കൊടുവില്‍ 10 കോടി രൂപ ചെലവില്‍ ഏഴുമീറ്റര്‍ വീതിയില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വലിയ കുഴികളുള്ള ഭാഗങ്ങളില്‍ ക്വാറിവേസ്റ്റ് ഉപയോഗിച്ച് താല്‍ക്കാലികമായി കുഴികളടയ്ക്കുകയുണ്ടായി. എന്നാല്‍, റോഡിലെ ഏറ്റവും വലിയ കുഴികളുള്‍പ്പെടുന്ന കാഞ്ഞിരങ്ങാടിനപ്പുറം ആശുപത്രിപ്പടി മുതലുള്ള ഭാഗങ്ങള്‍ കരാര്‍ നല്‍കിയ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടില്ല. എട്ടു കിലോമീറ്ററോളം ദൂരമാണ് നവീകരിക്കാതെ അവശേഷിക്കുക. ഈ ഭാഗത്ത് ചീപ്പാട്, കോറോം ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളിലാണ് വന്‍ കുഴികള്‍. ഈ ഭാഗം നവീകരിക്കാനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും യാഥാര്‍ഥ്യമായില്ല. ഇതിനിടെ, ഈ ഭാഗത്ത് താല്‍ക്കാലികമായി കുഴികളടയ്ക്കാന്‍ അമ്പത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതു പ്രകാരം പണി കരാര്‍ നല്‍കാനായി ടെന്‍ഡര്‍ വച്ചെങ്കിലും കാരാറുകാരുടെ സമരം കാരണം ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ വീണ്ടും പുനര്‍ലേലം അടുത്ത വാരത്തില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ജില്ലയില്‍ നിര്‍മാണ വസ്തുക്കളുടെ ക്ഷാമം കരാറുകാരെ പിന്നോട്ടടിപ്പിക്കുന്നതായാണ് സൂചന. ഇതോടെ തകര്‍ന്നുകിടക്കുന്ന റോഡിലൂടെയുള്ള നടുവൊടിക്കുന്ന യാത്രയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. താല്‍ക്കാലികമായി ക്വാറിവേസ്റ്റ് ഉപയോഗിച്ച് കുഴികളടയ്ക്കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇടയ്ക്കിടെയുണ്ടാവുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതതടസ്സത്തിന് ബദലായി താല്‍ക്കലികമായെങ്കിലും യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്ന റോഡാണ് യാത്ര ചെയ്യാന്‍ കഴിയാത്ത വിധം തകര്‍ന്നുകിടക്കുന്നത്.
Next Story

RELATED STORIES

Share it