Flash News

മക്കള്‍ ഉപേക്ഷിച്ച വൃദ്ധമാതാവ് തൊഴുത്തില്‍ മരിച്ചു



അമ്പലപ്പുഴ: നാലു മക്കളും ഉപേക്ഷിച്ച് തൊഴുത്തില്‍ ജീവിച്ച വൃദ്ധ മാതാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡ് അമ്പലപ്പുഴ റെയില്‍വേ സ്‌റ്റേഷനു വടക്ക് ചേന്നാട്ട് പരേതനായ ശങ്കരന്‍ നായരുടെ ഭാര്യ സരസ്വതി (71) യാണ് ദാരുണമായി മരിച്ചത്.മൂന്ന് ആണ്‍ മക്കളും ഒരു മകളുമാണ് ഇവര്‍ക്കുള്ളത്. മകള്‍ ശ്രീദേവിയെ കോട്ടയത്ത് വിവാഹം കഴിച്ചയച്ചു. സരസ്വതിയിടെ പേരിലുള്ള 28 സെന്റ് ഭൂമി മക്കള്‍ക്ക് ഭാഗം ചെയ്തു നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് മൂന്ന് ആണ്‍മക്കളും സരസ്വതിയെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ സരസ്വതിയുടെ ഇളയമകന്‍ രാമകൃഷ്ണന്റെ മക്കളും രാമകൃഷ്ണന്റെ സഹോദരങ്ങളുമായി അടിപിടി നടന്നപ്പോള്‍ സരസ്വതി രാമകൃഷ്ണന്റെ മക്കളെ മര്‍ദിച്ചവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. ഇതോടെ രാമകൃഷ്ണന്‍ പൂര്‍ണമായും മാതാവിനെ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി സരസ്വതി രാമകൃഷ്ണന്റെ വീടിനു മുന്നിലെ തൊഴുത്തിലാണ് താമസിച്ചിരുന്നത്്. തിരുവല്ലയില്‍ താമസമാക്കിയ മൂത്ത മകന്‍ ഗോപാലകൃഷ്ണന് അമ്പലപ്പുഴയില്‍ ഒരു കരാറുകാരനൊപ്പം പ്ലംബിങ് ജോലിയാണ്. ഇയാള്‍ ഇടക്കിടെ വന്നു മാതാവിന് ഭക്ഷണപ്പൊതി നല്‍കി മടങ്ങുമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഏറ്റവും ഇളയ മകന്‍ സുരേഷ് നാട്ടിലേക്ക് വരാറില്ല. ഇദ്ദേഹം ചെന്നൈയിലാണെന്നാണ് വിവരം. അവശയായ സരസ്വതിയെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിനു കീഴിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരുമാണ് പരിചരിച്ചിരുന്നത്. അയല്‍വാസികളില്‍ ചിലര്‍ സരസ്വതിക്ക് ഭക്ഷണവും നല്‍കി വന്നിരുന്നു. ഇടയ്ക്ക് ഗാന്ധിഭവന്‍ പ്രവര്‍ത്തകരും അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമാരുമെത്തി പരിശോധനയും നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി തീരെ അവശനിലയിലായിരുന്നു സരസ്വതി. ഇന്നലെ ഉച്ചയോടെ ആശാ പ്രവര്‍ത്തകരെത്തിയപ്പോഴാണ് തൊഴുത്തില്‍ സരസ്വതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. ഇതിനു ശേഷമാണ് അമ്പലപ്പുഴ പോലിസെത്തി തൊഴുത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. പിന്നീട് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ചേന്നാട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവിന്റെ സംസ്‌കാര ചടങ്ങില്‍ മകന്‍ സുരേഷ് ഒഴികെയുള്ള മറ്റു മക്കള്‍ എത്തിയിരുന്നു. സരസ്വതിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് കേസെടുത്തതായി അമ്പലപ്പുഴ പോലിസ് അറിയിച്ചു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് സരസ്വതിയുടെ മക്കളില്‍ നിന്ന് മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. ഇവരില്‍ നിന്ന് അടുത്ത ദിവസം മൊഴിയെടുക്കുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it