Women

അവിവാഹിതയെങ്കിലും മക്കളുടെ അവകാശി അമ്മ തന്നെ

അവിവാഹിതയെങ്കിലും മക്കളുടെ അവകാശി അമ്മ തന്നെ
X
ammaa








രണ്ടാം പാതി /ത്രിവേണി
മാ
താപിതാക്കളില്‍ കുട്ടിയുടെ രക്ഷകര്‍ത്താവ് എന്നാല്‍ പിതാവ് മാത്രമാണെന്ന പഴഞ്ചന്‍ ധാരണകളെ തിരുത്തുന്നതാണ് ഉന്നത നീതിപീഠങ്ങളില്‍നിന്ന് അടുത്തിടെയുണ്ടായ രണ്ടു വിധികള്‍. അതിലൊന്ന് അവിവാഹിതരായ അമ്മമാര്‍ക്ക് നിയമപരമായി മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പിതാവിന്റെ സമ്മതം ആവശ്യമില്ലെന്ന സുപ്രിംകോടതി വിധിയാണ്. അവകാശ ഹരജി നല്‍കുമ്പോള്‍ പിതാവിന്റെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നും സ്ത്രീക്ക് അവിവാഹിത അമ്മ എന്ന സ്റ്റാറ്റസ് നല്‍കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്.


ഹിന്ദു മൈനോറിറ്റി ആന്റ് രക്ഷകര്‍ത്യ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവിന്റെ അനുവാദത്തോടെ മാത്രമേ ഹരജി നല്‍കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതുപോലെ തന്നെ പിതാവിന്റെ പേരുവിവരം വെളിപ്പെടുത്തണമെന്നും നിര്‍ബന്ധമായിരുന്നു. ഈ നിബന്ധനയാണ് സുപ്രിംകോടതി ഒഴിവാക്കിയത്. അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പലപ്പോഴും പേരു പുറത്തുപറയാന്‍ തന്നെ മടിക്കുന്ന വ്യക്തിയുടെ സമ്മതം വാങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു. ഈ വിധിയോടെ ഇത്തരമൊരു തടസ്സം നീങ്ങിക്കിട്ടുകയാണുണ്ടായത്.

അവിവാഹിതയായ അമ്മയാണെങ്കില്‍ കുട്ടികളുടെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിബന്ധനയുള്ളതായി ബോംബെ ഹൈക്കോടതിയില്‍ ഒരു കേസ് പരിഗണിക്കവെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. എന്നാല്‍, നിയമപരമായി വിവാഹം കഴിക്കുകയും പിന്നീട് വേര്‍പിരിയുകയും ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ സമ്മതം തേടണമെന്ന നിര്‍ബന്ധമില്ലെന്നാണ് കേരള ഹൈക്കോടതി അടുത്തിടെ വിധിപ്രസ്താവം നടത്തിയത്. കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഒരു യുവതിയാണ് കുഞ്ഞിന്റെ പിതാവിന്റെ സമ്മതം വേണമെന്ന പാസ്‌പോര്‍ട്ട് ഓഫിസറുടെ നിലപാടിനെ കോടതിയില്‍ ചോദ്യംചെയ്തത്.

വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവില്‍നിന്ന് സമ്മതം വാങ്ങേണ്ടെന്നും കുട്ടിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാനുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. അവിവാഹിതയായാലും വിവാഹിതയായാലും വിവാഹമുക്തയായാലും അമ്മ അമ്മ തന്നെയാണല്ലോ. വൈകിയെങ്കിലും നീതി അമ്മയുടെ തുണയ്‌ക്കെത്തിയത് എന്തായാലും നന്നായി. തികച്ചും സ്ത്രീപക്ഷ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നീതിപീഠങ്ങളുടെ ഈ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്.







Next Story

RELATED STORIES

Share it