Most commented

മക്കയിലെ ക്രെയിന്‍ അപകടം; ആഘാതത്തില്‍ നിന്ന് മുക്തരാവാതെ ഹജ്ജ് തീര്‍ത്ഥാടകര്‍

മക്കയിലെ ക്രെയിന്‍ അപകടം;  ആഘാതത്തില്‍ നിന്ന് മുക്തരാവാതെ ഹജ്ജ് തീര്‍ത്ഥാടകര്‍
X

.


crane crash in mecca



മക്ക: മസ്ജിദുല്‍ ഹറാമിലെ ക്രെയിന്‍ അപകടത്തിന്റെ ആഘാതത്തില്‍ നിന്നു ഹാജിമാര്‍ ഇനിയും  മുക്തരായില്ല. ത്വവാഫ് കഴിഞ്ഞ് സഅ്‌യ് ചെയ്യുന്നതിനായി സഫയിലേക്കു പോവുന്ന വഴിയിലായിരുന്നു അപകടം. ശബ്ദത്തോടെ തകര്‍ന്നുവീണ ക്രെയിനിന്റെ  അവശിഷ്ടങ്ങള്‍ക്കൊപ്പം തൂണുകളില്‍ പതിച്ച മാര്‍ബിളും ഗ്ലാസുകളും താഴേക്കു പതിച്ചു. മാര്‍ബിള്‍ കഷ്ണങ്ങളും ഗ്ലാസുകളും തെറിച്ചാണു പലര്‍ക്കും പരിക്കേറ്റത്. ഭാരമേറിയ ഇരുമ്പിന്റെയും മറ്റും അവശിഷ്ടങ്ങള്‍ പതിച്ചതോടെ പലരുടെയും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജുമുഅ നമസ്‌കാരത്തിനു ശേഷം താമസസ്ഥലത്തേക്കു പോയ ഹാജിമാര്‍  മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടുമുമ്പ് ഇടിമിന്നലോടു കൂടി ശക്തമായ മഴപെയ്തതിനാല്‍ ഹറമിലേക്കു പോവാന്‍ വിമുഖത കാണിച്ചു. ഇതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസീസിയ 40 ബെഡ് ആശുപത്രിയില്‍ ഇന്നലെ പത്തോളം പേര്‍ ചികില്‍സതേടിയെത്തി. തലയ്ക്കു പരിക്കേറ്റതിനു ശേഷം തനിക്കൊന്നും ഓര്‍മയില്ലെന്നു ചികില്‍സയില്‍ കഴിയുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ പറഞ്ഞു.
അപകടവാര്‍ത്ത പരന്നതോടെ തീര്‍ത്ഥാടകരായ ബന്ധുക്കളുടെ വിവരങ്ങള്‍ തേടി നാട്ടില്‍ നിന്നടക്കം നിരവധി ഫോണ്‍കോളുകളാണു വന്നത്. ദുരന്തത്തിന്റെ വ്യാപ്തി നേരില്‍ക്കണ്ട തീര്‍ത്ഥാടകര്‍ വലിയ അപായത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഹാജിമാര്‍ മക്കയിലും അസീസിയയിലുമാണു താമസിക്കുന്നത്. ഇവര്‍  മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു നാട്ടുകാരും ബന്ധുക്കളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി.

അപകടമുണ്ടായതോടെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും വിവരശേഖരണത്തിനും രാത്രി ഉള്‍പ്പെടെ മുഴുവന്‍ സമയങ്ങളിലും ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it