Pathanamthitta local

മകള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച എച്ച്‌ഐവിബാധിതയായ അമ്മയെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ മകള്‍ ഉപേക്ഷിച്ച ഇരു കൈകളുമൊടിഞ്ഞ എച്ച്‌ഐവി ബാധിതയെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. ഒരു മകളും രണ്ടാണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത് മക്കള്‍ വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്. 13 സെന്റ് സ്ഥലത്തുള്ള വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസം.എച്ച്‌ഐവി ബാധിതയാണെന്നറിഞ്ഞതോടെ ഇവര്‍ക്കാവിശ്യമായ മരുന്നുകള്‍ ജില്ലാ  എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് നല്‍കി വന്നത്. രണ്ടാഴ്ച മുമ്പ്  കോട്ടയത്തുള്ള ക്ഷേത്രദര്‍ശനത്തിനു പോകും വഴിയുണ്ടായ അപകടത്തില്‍ ഇവരുടെ രണ്ടു കൈകളും ഒടിഞ്ഞു. ബസ് ജീവനക്കാര്‍ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയവേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ തങ്ങളുടെ സൗകര്യാര്‍ത്ഥം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ അതു നടത്തിക്കൊള്ളാമെന്നു പറഞ്ഞ് മകള്‍ അവിടെ നിന്നും കൂട്ടി മടങ്ങുകയായിരുന്നു. കോഴഞ്ചേരി ആശുപത്രിയില്‍ മാതാവിനെ പ്രവേശിപ്പിച്ച ശേഷം മകള്‍ പോയി.    ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകള്‍ തിരികെ എത്താഞ്ഞതോടെ ഇവര്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി ആറന്മുള പോലിസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു പോലിസ് ഇടപെട്ട് മകളോടൊപ്പം അയച്ചെങ്കിലും ശസ്ത്രക്രിയ നടത്താതെ ഒടിഞ്ഞ കൈയില്‍ പ്ലാസ്റ്ററിട്ട് അമ്മയെ വീട്ടിലുപേക്ഷിച്ച് മകള്‍ വീണ്ടും പോയി. രാത്രികാലങ്ങളില്‍  വേദന സഹിക്കാതെ അലമുറയിട്ടു കരഞ്ഞ അമ്മയെ അയല്‍വാസികള്‍ ഭക്ഷണവും വെള്ളവും കൊടുത്ത് പരിചരിച്ചു. ഇവരുടെ അവസ്ഥയറിഞ്ഞ പത്തനാപുരം ഗാന്ധിഭവന്‍ അധികൃതര്‍ അമ്മയെ ഏറ്റെടുക്കാന്‍ സന്നദ്ധരാവുകയായിരുന്നു. ഗാന്ധിഭവന്‍ സിഇഒ ഗോപിനാഥ് മഠത്തിലും സംഘവും വീട്ടിലെത്തി വൃദ്ധയെ ഏറ്റെടുത്തു.
Next Story

RELATED STORIES

Share it