Flash News

മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു



പത്തനംതിട്ട: കുടുംബകലഹത്തെ തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവറും മകളും വിഷം കഴിച്ചു മരിച്ചു. പത്തനംതിട്ട കല്ലറക്കടവ് കിഴക്കേ മട്ടത്തില്‍ ആര്‍ ശ്രീകുമാര്‍ (42), മകള്‍ അനുഗ്രഹ (അഞ്ച്) എന്നിവരാണ് ഇന്നലെ രാവിലെ 11 ഓടെ മരിച്ചത്. ശ്രീകുമാറിന്റ മാതാപിതാക്കള്‍ നടത്തുന്ന ചായക്കടയ്ക്കു മുന്നിലെത്തി കുഴഞ്ഞുവീണ ഇരുവരെയും തൊട്ടുമുന്നിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു ശ്രീകുമാറെന്ന് പറയപ്പെടുന്നു. ചായക്കട നടത്തുന്ന പിതാവ് രാജന്‍ നായരും മാതാവ് ഓമനയും കുടുംബസ്വത്ത് ശ്രീകുമാറിന്റെ പേരില്‍ എഴുതിവച്ചിരുന്നു. എന്നാല്‍, അതില്‍ മകള്‍ അനുഗ്രഹയ്ക്കു കൂടി അവകാശം നല്‍കിയിരുന്നതിനാല്‍ ആധാരം പണയം വച്ച് വായ്പയെടുക്കാന്‍ ശ്രീകുമാറിന് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ ശ്രീകുമാര്‍ ഇന്നലെയും വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. ശേഷം മകളെയും കൂട്ടി രാവിലെ ഒമ്പതരയോടെ വീട്ടില്‍ നിന്ന്് പിതാവിന്റെ ചായക്കടയ്ക്കു മുന്നിലെത്തി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. പത്തനംതിട്ട സെവന്‍ത്ത് ഡേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അനുഗ്രഹ. നിഷയാണ് ശ്രീകുമാറിന്റെ ഭാര്യ. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍.
Next Story

RELATED STORIES

Share it