മകളുടെ മതംമാറ്റം; ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് അവഗണനയെന്ന് നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: മകള്‍ മതംമാറിയതിനെത്തുടര്‍ന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റില്‍ നിന്നും സമുദായത്തില്‍ നിന്നും കടുത്ത അവഗണന നേരിടുന്നതായി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ക്ഷേത്രത്തിലെ മുന്‍ ഭരണസിമിതി അംഗമായിരുന്ന ബിന്ദുവിന് പാരമ്പര്യമായി ഉല്‍സവ നടത്തിപ്പിന് അവകാശമുണ്ടായിരുന്നു. തെക്കേവീട്ടില്‍ എന്ന ബിന്ദുവിന്റെ കുടുംബത്തിനുണ്ടായിരുന്ന ഈ അവകാശത്തില്‍ നിന്ന് ഈ വര്‍ഷം മുതല്‍ പിന്‍മാറുകയാണെന്ന് അവര്‍ പറഞ്ഞു. ബന്ധുക്കളുടെയും എന്‍എസ്എസ് പ്രാദേശിക നേതൃത്വത്തിന്റെയും അവഗണനയാണു തീരുമാനത്തിനു പിന്നില്‍. ഒറ്റപ്പെടുത്തല്‍ അസഹനീയമായതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഉല്‍സവ നടത്തിപ്പിനുള്ള പണം അടയ്ക്കുക മാത്രമാണു ചെയ്തിരുന്നത്. ഈ ദിനങ്ങളില്‍ ക്ഷേത്രദര്‍ശനം പോലും നടത്താത്ത സാഹചര്യത്തില്‍ ഇനി അത്തരമൊരു ആചാരം വേണ്ടെന്ന് തീരുമാനിക്കുകയാണെന്നും ഉല്‍സവത്തിന് ചെലവാകുന്ന 70,000 രൂപ നിര്‍ധനര്‍ക്ക് സഹായമായി എത്തിക്കുമെന്നും ബിന്ദു പറയുന്നു. മകള്‍ മതംമാറി വിവാഹം കഴിച്ചതും കാണാതായതും താന്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാവരെയും അറിയിക്കുകയാണ് ചെയ്തത്. എന്നിട്ടും തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്തുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ മാനസികസംഘര്‍ഷം നേരിടുന്നു. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചത് അവളുടെ ഇഷ്ടപ്രകാരമാണ്. ആഗ്രഹപ്രകാരം അവള്‍ ജീവിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. അവളെ കണ്ടെത്തണമെന്ന ആവശ്യം ഏതൊരമ്മയെയും പോലെയാണ് താന്‍ ഉന്നയിക്കുന്നത്. അതിന് ഇത്തരമൊരു സമീപനത്തിന്റെ ആവശ്യമുണ്ടോയെന്നും അവര്‍ ചോദിക്കുന്നു. മകന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഓഫിസറാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ മേജര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച വിവരം അറിഞ്ഞിട്ടും സമുദായമോ ക്ഷേത്ര ട്രസ്‌റ്റോ ഒന്നു വിളിക്കുകയോ ഒരു ആശംസ അറിയിക്കുകയോ ചെയ്തിട്ടില്ല. സാധാരണഗതിയില്‍ ഇത്തരം ഉയര്‍ച്ചകള്‍ ഉണ്ടാവുന്ന കുടുംബങ്ങളെ സമുദായത്തില്‍ ആദരിക്കുക പതിവുണ്ട്. എന്നാല്‍ തന്റെ കുടുംബത്തിന് നേര്‍ക്ക് കണ്ണടയ്ക്കുന്നത് മകള്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടാണ്. അവള്‍ എവിടെയെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ അറിയില്ല. എന്നാലും ഒരിക്കല്‍ അവള്‍ എന്നെത്തേടിവരും എന്നുതന്നെയാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.  ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രസിഡന്റും ആയിരുന്ന അച്ഛന്‍ പി മാധവന്‍നായരുടെ കുടുംബം കഴിഞ്ഞ ഒന്നരവര്‍ഷമായി നടന്ന ഒരു ചടങ്ങിലും ക്ഷണിക്കപ്പെ ട്ടിട്ടില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹത്തിന്റെ ആദര്‍ശത്തില്‍ തന്നെയാണ് താ നും വിശ്വസിച്ചിരുന്നത്. എന്നാ ല്‍ മകളുടെ സംഭവവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ സഹായം ലഭിക്കുന്നുവെന്നു പറഞ്ഞ് ഡിവൈഎഫ്‌ഐ പോലും നിലപാടെടുത്തു. എന്നാല്‍ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി നിരവധിപേരുടെ പിന്തുണ ലഭിക്കുന്നുണ്ട്. ഐഎസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുകൂടി മുസ്‌ലിംസമുദായവും തനിക്കു പിന്തുണ നല്‍കിയിട്ടുണ്ട്. അത് ഒരു അമ്മയുടെ വേദന അറിഞ്ഞുതന്നെയാണെന്നാണു വിശ്വസിക്കുന്നതെന്നും ബിന്ദു പറഞ്ഞു.
Next Story

RELATED STORIES

Share it