മകരജ്യോതി ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ മലയിറങ്ങി

ശബരിമല: മകരജ്യോതിയും മകരസംക്രമ പൂജയും ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ മലയിറങ്ങി. ദര്‍ശനത്തിനായി ശരണമന്ത്രങ്ങള്‍ ഉരുവിട്ട് ജ്യോതിര്‍മയരൂപം മനസ്സില്‍ നിറച്ച് മണിക്കൂറുകളാണ് ഭക്തര്‍ സന്നിധാനത്ത് കാത്തുനിന്നത്. ഇന്നലെ വൈകീട്ട് 6.36ന് ദീപാരാധനയ്ക്കായി നടതുറന്നു.

പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് സന്നിധാനത്ത് എത്തിച്ച തിരുവാഭരണങ്ങള്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോഴായിരുന്നു കിഴക്കന്‍ ചക്രവാളത്തില്‍ മകരനക്ഷത്രവും ഉദിച്ചുയര്‍ന്നത്. ഈ സമയംതന്നെ പൊന്നമ്പലമേട്ടിലെ ദീപാരാധനയോടനുബന്ധിച്ചുള്ള കര്‍പ്പൂരാരാധനയും നടന്നു. മകരജ്യോതി മൂന്നുതവണ തെളിഞ്ഞതോടെ പുണ്യ പൂങ്കാവനമാകെ ശരണംവിളികളാല്‍ മുഖരിതമായി. പന്തളത്തുനിന്ന് കഴിഞ്ഞ 13ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയെ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ശരംകുത്തിയില്‍ സ്വീകരിച്ച തിരുവാഭരണ പേടകത്തില്‍ പ്രത്യേക പൂജ നടത്തി. പിന്നീട് തിരുവാഭരണം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. ആഭരണമണിഞ്ഞ അയ്യപ്പനെ ദര്‍ശിച്ച തീര്‍ത്ഥാടക ലക്ഷങ്ങള്‍ കൂപ്പുകൈകളോടെ ശരണാരവം മുഴക്കി. പൂങ്കാവനം മുഴുവന്‍ ശരണംവിളികള്‍ കൊണ്ട് മുഖരിതമായി. പിന്നീട് മകരജ്യോതി ദര്‍ശനത്തിനായുള്ള കാത്തിരിപ്പായിരുന്നു. ജ്യോതി ദര്‍ശിച്ച തീര്‍ത്ഥാടകര്‍ ഭക്തിനിറഞ്ഞ മനസ്സുമായി മടങ്ങി. ദിവസങ്ങള്‍ക്കു മുമ്പുതന്നെ മകരജ്യോതി ദര്‍ശിക്കുന്നതിനായി പുല്ലുമേട്ടിലും പാണ്ടിത്താവളത്തിലും തീര്‍ത്ഥാടകര്‍ ധാരാളമായി തമ്പടിച്ചിരുന്നു.  21നു രാവിലെ നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിനു സമാപനമാവും.
Next Story

RELATED STORIES

Share it