മകന്‍ വെടിവച്ചു കൊന്ന പിതാവിന്റെ വലത് കൈ കണ്ടെടുത്തു

ചെങ്ങന്നൂര്‍: മകന്‍ വെടിവച്ച് കൊന്ന പിതാവിന്റെ വലത് കൈ കണ്ടെടുത്തു. പമ്പാ നദിയില്‍ മാന്നാര്‍ പാവുക്കര കടവില്‍ നിന്നാണ് ചൊവ്വാഴ്ച വലത് കൈ കിട്ടിയത്. നദിയിലൂടെ വള്ളത്തില്‍ പോയവരാണ് കൈ കണ്ടെത്തിയത്.
കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളിയായ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി ജോണി (68)ന്റെ ഇടത് കൈ ചെങ്ങന്നൂര്‍ പാണ്ടനാട് ഇടക്കടവില്‍ നിന്നും വലത് കാല്‍ ചെങ്ങന്നൂര്‍ വഞ്ചിപ്പുഴ കടവില്‍ നിന്നും തല ചിങ്ങവനത്ത് നിന്നും ഉടല്‍ ചങ്ങനാശ്ശേരി ബൈപാസ്സില്‍ വേരൂരില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു. ഇനി ലഭിക്കാനുള്ളത് ഇടത് കാല്‍ മാത്രമാണ്. കണ്ടുകിട്ടിയ ശരീരഭാഗങ്ങള്‍ ചേര്‍ത്ത് വച്ച് ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശാസ്ത്രീയ പരിശോധന നടത്തി. ഇന്ന് വൈകീട്ട് മൂന്നിന് ചെങ്ങന്നൂര്‍ ബഥേല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. ഒന്നിച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ വെടിവച്ച് കൊന്ന ശേഷം ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോള്‍ കൈയും കാലും ഉടലും തലയും നദിയിലും വിജനമായ റോഡ് വക്കിലും ഉപേക്ഷിക്കുകയുമായിരുന്നു.
മകന്‍ ഷെറിന്‍ ജോണ്‍ (37) ആണ് കൊലപ്പെടുത്തിയത്. മാതാവ് മറിയാമ്മ ഷെറിന് പണം കൊടുത്ത് സഹായിച്ചിരുന്നു. അമേരിക്കയിലെ ടെക്‌സാസില്‍ നഴ്‌സായ ഇവര്‍ക്ക് ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷം ലക്ഷങ്ങള്‍ പെന്‍ഷനായി ലഭിക്കുന്നുണ്ട്. ഇതില്‍ ഏറിയ പങ്കും ഷെറിന്‍ ധൂര്‍ത്തടിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ കുടുംബത്തില്‍ കലഹം പതിവായതോടെ മകന്‍ താമസം മാറണമെന്ന് ജോയി ജോണ്‍ ആവശ്യപ്പെട്ടു. മറ്റ് മക്കളായ ഡോ. ഷെറില്‍, ഡോ.ഡേവിഡ് എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ നാട്ടിലെത്തിയതോടെ കലാപകാരിയായ മകനെ പൂര്‍ണമായും വീട്ടില്‍നിന്നു പുറത്താക്കി.
കൊലപാതകം ചെയ്യാന്‍ കരുതിക്കൂട്ടി കാത്തിരുന്ന മകന്‍ കാര്‍ നന്നാക്കാന്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര അതിന് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മരണം നടന്ന ശേഷം മൃതദേഹം കണ്ട് അന്ധാളിച്ച ഇയാള്‍ പിടിക്കപ്പെടില്ല എന്ന ധാരണയിലാണ് തലയും ഉടലും കൈയും കാലും വെട്ടിമാറ്റി പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും അവശിഷ്ടം കത്തിക്കുകയും ചെയ്തത്. ഇതേ സമയത്തുതന്നെ മകനും ഭര്‍ത്താവും തിരുവനന്തപുരത്ത് പോയി മടങ്ങി വന്നില്ലെന്ന് ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പോലിസില്‍ പരാതി കൊടുക്കുകയും ചെയ്തു. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലിസ് കോട്ടയത്ത് നിന്ന് 28ന് രാത്രി ഇയാളെ പിടിക്കുകയും കൊലപാതക വിവരം വെളിവാകുകയും ആയിരുന്നു.
Next Story

RELATED STORIES

Share it