മകന്റെ അറസ്റ്റ് സിപിഎം പകപോക്കല്‍: പൊമ്പിളൈ ഒരുമൈ നേതാവ്

ഇടുക്കി: 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. മൂന്നാര്‍ ദേവികുളം ഒഡികെ ഡിവിഷന്‍ സ്വദേശിയായ വിവേക് അഗസ്റ്റിന്‍ (22) ആണ് ജയിലില്‍ കഴിയുന്നത്. പൊമ്പിളൈ ഒരുമൈ നേതാവ് പി കെ ഗോമതിയുടെ മകനാണ് അഗസ്റ്റിന്‍. അഗസ്റ്റിനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണ്. കൗണ്‍സലിങിനിടെ താന്‍ ഗര്‍ഭിണിയാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
അതേസമയം, മകന്റെ അറസ്റ്റിനു പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന ആക്ഷേപവുമായി പൊമ്പിളൈ ഒരുമൈ നേതാവ് പി കെ ഗോമതി രംഗത്തെത്തി. തന്നെ വേശ്യയായും ഒറ്റുകാരിയായും ചിത്രീകരിച്ച അതേരീതിയിലാണ് മകനെ കുടുക്കിയതെന്നും ഗോമതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തനിക്ക് ഇക്കാര്യത്തില്‍ സിപിഎം കാരോടല്ല സംസാരിക്കാനുള്ളത്. സ്വന്തം മകളെ സിപിഎമ്മിന്റെ പകപോക്കലിനായി ഉപയോഗിക്കുന്ന അച്ഛനമ്മമാരോടാണെ ന്നും പോസ്റ്റിലുണ്ട്.
തന്റെ മകനും പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തിയായാല്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് അവരെ അറിയിച്ചതാണ്. ദലിതരും ആദിവാസികളും നേരിടുന്ന ജാതി വിവേചനത്തെ കുറിച്ചും തമിളര്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും ഏതെല്ലാം രീതിയില്‍ അപമാനപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും കേസില്‍ പ്രതിചേര്‍ത്താലും താന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുമെന്നും അവര്‍ കുറിക്കുന്നു. ചുറ്റും നിന്ന് കൂട്ടത്തോടെ ആക്രമിച്ചിട്ടും താന്‍ ഇല്ലാതായില്ല. കൂടുതല്‍ ശക്തമായി മക്കളുടെ വിഷയത്തില്‍ ഇടപെട്ടു. വടയമ്പാടിയില്‍ ജാതി മതിലിനെതിരേ നടന്ന സമരത്തില്‍ പങ്കെടുത്തു.
ഹാദിയ എന്ന മുസ്‌ലിം സ്ത്രീയുടെ അവകാശത്തിന് ഒപ്പംനിന്നു സംസാരിച്ചു.  മൂന്നാറില്‍ തോട്ടിപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ചക്ലിയ വിഭാഗത്തില്‍ പെടുന്നവര്‍ നേരിടുന്ന ജാതിവിവേചനത്തെ കുറിച്ചും അട്ടപ്പാടിയില്‍ ആദിവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തെ കുറിച്ചും പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇടപെട്ടതൊക്കെയും ദലിതരുടെയും ആദിവാസികളുടെയും മുസ്‌ലിമിന്റെയും വിഷയത്തില്‍ ആയിരുന്നു-ഗോമതി കുറിക്കുന്നു.
Next Story

RELATED STORIES

Share it