മകനെ കൊലപ്പെടുത്തിയ കേസ്: പിതാവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും

തിരുവനന്തപുരം: മകനെ പിതാവ് പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ ജീവപര്യന്തം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചു.
പിതാവായ പള്ളിച്ചല്‍ അയണിമൂട് മുതലാപാട്ടു വീട്ടില്‍ ഭുവനചന്ദ്രന്‍ നായരെ (60) ആണ് ആറാം അഡീ. സെഷന്‍സ് ജഡ്ജി പി എന്‍ സീത ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവനുഭവിക്കണം. പിഴത്തുക ഈടാക്കുന്ന പക്ഷം ഒരു ലക്ഷം രൂപ മകന്റെ ആശ്രിതര്‍ക്കു നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നു മകന്റെ ആശ്രിതര്‍ക്ക് തുക നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി. രാജേഷ് കുമാറിനെ (30)യാണു പിതാവ് ദാരുണമായി കൊലപ്പെടുത്തിയത്.
നിഷ്ഠുരവും പൈശാചികവുമായ കൃത്യം ചെയ്ത പ്രതി നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹനല്ലെന്നു വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. കൃത്യം ചെയ്ത വേളയില്‍ ഇര പ്രതിരോധിക്കാനാവാത്ത നിസ്സഹായാവസ്ഥയിലായിരുന്നു. സാഹചര്യത്തെളിവ് വച്ചുകൊണ്ടാണ് പ്രതിയെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. കൊലയ്ക്ക് തൊട്ടുമുമ്പ് ഇരയോടൊപ്പം അവസാനമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലും വാക്തര്‍ക്കം നടന്ന സാഹചര്യവും തൊണ്ടിമുതലുകള്‍ പ്രതിയില്‍ നിന്നു കണ്ടെടുത്ത സാഹചര്യങ്ങളുമാണു കോടതി തെളിവില്‍ സ്വീകരിച്ചത്.
2016 ഫെബ്രുവരി 24നാണു കേസിനാസ്പദമായ സംഭവം. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് വൈകിട്ട് ആറിന് പ്രതിയും ഭാര്യ ശാന്തകുമാരിയും മകന്‍ രാജേഷ് കുമാറുമായി വീട്ടിലെത്തി. രാത്രി എട്ടോടെ പ്രതിയും മകനും തമ്മില്‍ വീട്ടിനുള്ളില്‍ വാക്തര്‍ക്കം നടന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ പിതാവിനോട് മകന്‍ ആവശ്യപ്പെട്ടു. വാക്തര്‍ക്കത്തിനൊടുവില്‍ പ്രതി വീടുവിട്ടിറങ്ങി. രാത്രി 10ന് രാജേഷ് മുറിയുടെ കതകടച്ച് ഉറങ്ങാന്‍ കിടന്നു. രാത്രി 11ഓടെ പ്രതി പള്ളിച്ചല്‍ ഐഒസി പമ്പില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി ഒരു മണിയോടെ വീട്ടിലെത്തി. രാജേഷ് കിടന്ന മുറിയുടെ ജനല്‍ വഴി പെട്രോള്‍ വീട്ടിലേക്കൊഴിച്ച് തീ കത്തിച്ച് കടന്നുകളഞ്ഞു. ശരീരമാസകലം പൊള്ളലേറ്റു നിലവിളിച്ചപ്പോള്‍ അടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന മാതാവ് ഉറക്കമുണര്‍ന്ന് ദാരുണദൃശ്യം കണ്ട് നിലവിളിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നരുവാമൂട് പോലിസാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെട്രോള്‍ വാങ്ങാനുപയോഗിച്ച കന്നാസും ലൈറ്ററും പ്രതിയില്‍ നിന്നു കണ്ടെടുത്തു. പമ്പിലെ ജീവനക്കാരന്റെ മൊഴി കേസില്‍ നിര്‍ണായകമായി. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ സലാഹുദ്ദീന്‍ ഹാജരായി.

Next Story

RELATED STORIES

Share it