Flash News

മകനെതിരായ അഴിമതിക്കേസ് സെറ്റില്‍ ചെയ്യാനാണ് ബിജെപി അധ്യക്ഷന്‍ ഒളിച്ചോടിയത്: കോടിയേരി

മകനെതിരായ അഴിമതിക്കേസ് സെറ്റില്‍ ചെയ്യാനാണ് ബിജെപി അധ്യക്ഷന്‍ ഒളിച്ചോടിയത്: കോടിയേരി
X


തൃശൂര്‍: മകനെതിരായ അഴിമതിക്കേസ് സെറ്റില്‍ ചെയ്യുന്നതിനാണ് ബി.ജെ.പി അധ്യക്ഷന്‍ യുദ്ധമുന്നണിയില്‍നിന്ന് ഒളിച്ചോടിയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം. നേതാവ് കെ കെ മാമക്കുട്ടിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരണസമ്മേളനവും ആര്‍.എസ്.എസ് ബി.ജെ.പി. നുണപ്രചാരണത്തിനെതിരായ ബഹുജനകൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റെല്ലാ കുംഭകോണങ്ങളെയും കവച്ചുവയ്ക്കുന്നതാണ് അമിത് ഷായുടെ മകനെതിരെയുള്ള അഴിമതി ആരോപണം. ഒരു വര്‍ഷംകൊണ്ട് ആയിരക്കണക്കിനു ഇരട്ടി വരുമാനമാണ് ഉണ്ടാക്കിയത്. സ്വന്തം മകനെ രക്ഷിക്കാനാണ് സി.പി.എമ്മിനെതിരെ യുദ്ധവുമായി വന്ന സിംഹം പയ്യന്നൂരില്‍നിന്നും ഡല്‍ഹിയിലേക്ക് പോയത്. യുദ്ധത്തില്‍നിന്ന് ഒളിച്ചോടിയത്.അഴിമതിക്കെതിരായ ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന പാര്‍ട്ടി അഴിമതിപ്പാര്‍ട്ടിയായി. എന്നാല്‍ മോദി നടപടിയെടുക്കാന്‍ തയാറാവുന്നില്ല. മുന്‍ പ്രസിഡന്റ് ബംഗാരു ലക്ഷ്മണയെ അഴിമതിയുടെ പേരില്‍ ഒഴിവാക്കിയവര്‍ എന്തുകൊണ്ടാണ് അമിത് ഷായെ മാറ്റാത്തത്. നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ഗുണഭോക്താവ് അമിത് ഷായാണെന്നാണ് പുതിയ കഥകള്‍ തെളിയിക്കുന്നത്. യുദ്ധമുന്നണിയില്‍നിന്നും ഒളിച്ചോടുന്ന അമിത്ഷായാണ് സി.പിഎമ്മിനെതിരേ യുദ്ധം ചെയ്യാന്‍ വരുന്നത്. കേരളത്തിലും മെഡിക്കല്‍ അഴിമതിയടക്കം ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്നവരെയും സംരക്ഷിക്കാനാണ് ബി.ജെ.പി. നേതൃത്വവും കേന്ദ്രവും ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള അഴിമതികളില്‍നിന്നും ശ്രദ്ധതിരിക്കുന്നതിനുംകൂടിയാണ് ബി.ജെ.പി. ഇപ്പോള്‍ സി.പി.എമ്മിനെതിരേ യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. മതസഹിഷ്ണുതയുടെ നാടാണ് കേരളം. അവിടെ കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടാണ് കേരളം അക്രമങ്ങളുടെയും ജിഹാദികളുടെയും നാടാണെന്നും പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി കൊല്ലത്തു നടത്തിയ പ്രസംഗം ആര്‍.എസ്.എസുകാരും ബി.ജെ.പിക്കാരും വായിച്ചുനോക്കണം. മതസഹിഷ്ണുതയുടെ നാടാണ് കേരളമെന്ന രാഷ്ട്രപതിയുടെ വാക്കുകള്‍ ആര്‍.എസ്.എസിനെതിരായ വാക്കുകളാണ്. കേരളത്തിന്റെ സാമൂഹികാവസ്ഥ എന്തെന്നു പഠിക്കാന്‍ യോഗി ആദിത്യനാഥിനെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും കേരളീയര്‍ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ താറടിച്ചു കാണിക്കാന്‍ ഇതര സംസ്ഥാനതൊഴിലാളികളെ ആക്രമിക്കുന്നുവെന്നും കൊലപ്പെടുത്തിയെന്നുമാണ് ഇപ്പോള്‍ ആര്‍.എസ്.എസ്. പ്രചാരണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസകരമായ ആനുകൂല്യങ്ങളും നടപടികളുമാണ് ഇടതു സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇത്തരം കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഇതര സംസ്ഥാനതൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാരും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും കോടിയേരി അഭ്യര്‍ഥിച്ചു.
ദലിതരടക്കമുള്ളവരെ ശാന്തിമാരാക്കുന്നതാണ് കേരളത്തിന്റെ ചിത്രം. ദലിതരെയും മതന്യൂനപക്ഷങ്ങളെയും കൊല്ലുകയും ആക്രമിക്കുകയും ഒക്കെ ചെയ്യുന്നതാണ് ചാതുര്‍വര്‍ണ്യപാരമ്പര്യം. അതുകൊണ്ട് സുരേഷ് ഗോപിക്ക് ബ്രാഹ്മണനായി ജനിക്കാതെ തന്നെ ശാന്തി ചെയ്യാനുള്ള സാഹചര്യം ഇവിടെയുണ്ട്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് ചിന്തിക്കാനാവുമോയെന്നും അദ്ദേഹം ചോദിച്ചു. സംഘപരിവാറിന്റെ കേരളം പിടിക്കാനുള്ള മോഹങ്ങള്‍ക്ക് തടസം ഇടതുപക്ഷവും ഇടതുപക്ഷ സര്‍ക്കാരുമാണെന്നതാണ് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ കാരണം. ഇതിനെയെല്ലാം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.



[related]
Next Story

RELATED STORIES

Share it