മകനു മൊബൈല്‍ സമ്മാനം നല്‍കിയ അമ്മകിടപ്പാടം നഷ്ടപ്പെട്ട് വനിതാകമ്മീഷനില്‍

പത്തനംതിട്ട: പ്ലസ്ടു പാസായ മകന് സമ്മാനമായി മൊബൈല്‍ വാങ്ങി നല്‍കിയ അമ്മയും കുടുംബവും കിടപ്പാടം നഷ്ടപ്പെട്ട് വനിതാ കമ്മീഷന്റെ മുമ്പിലെത്തി. പത്തനംതിട്ട കലക്ടറേറ്റില്‍ ഇന്നലെ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് ആരുടെയും കരളലിയിക്കുന്ന രോദനവുമായി ഒരമ്മ എത്തിയത്. പ്ലസ്ടു പാസായപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്‍കാന്‍ കഴിയാത്തതിനാല്‍ സമ്മാനമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഹോം നഴ്‌സുമായി മകന്‍ ചങ്ങാത്തത്തിലായി. 42 വയസ്സുള്ള ഹോം നഴ്‌സ് ഇയാളുടെ അക്കൗണ്ടിലേക്ക് 43000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ ഈ സ്ത്രീ 17കാരനുമായി ബംഗളൂരുവിലേക്കു കടന്നു.ആറ് മാസ കാലത്തോളം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ 17കാരന്‍ ഹോംനഴ്‌സിനൊപ്പം താമസിച്ചു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിയതോടെ ഹോം നഴ്‌സ് തുക തിരികെ ആവശ്യപ്പെട്ടു. തുക നല്‍കുവാന്‍ കഴിയാതെ വന്നതോടെ 17കാരന്‍ തിരികെ വീട്ടിലെത്തി. 43,000 രൂപ മടക്കി നല്‍കുന്നില്ല എന്ന് കാണിച്ച് ഹോംനഴ്‌സ് കോടതിയില്‍ ക്രമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ സമയത്ത് 18 വയസ്സ് പൂര്‍ത്തിയായിരുന്ന ഇയാള്‍ മൂന്ന് മാസക്കാലം ജയിലിലുമായി.  നിര്‍ധനയായ മാതാവ് ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി മകനെ ജാമ്യത്തിലിറക്കി ചിലരുടെ സഹായത്തോടെ വിദേശത്ത് ജോലി തരപ്പെടുത്തി. വിദേശത്ത് ജോലി ചെയ്യുന്ന ഇപ്പോള്‍ 19 വയസ്സുള്ള ഇയാള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ച് 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്ന ആവശ്യമാണ് ഹോം നഴ്‌സ് കമ്മീഷന് മുമ്പാകെ ഉന്നയിച്ചത്. തന്റെ മകന്റെ പ്രായം മാത്രമുള്ള പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍ കേസില്‍പെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. തുക മടക്കി നല്‍കണമെന്ന ഇവരുടെ ആവശ്യത്തിനു മേല്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ല എന്നും കോടതിയുടെ പരിഗണനയിലുള്ള ക്രിമിനല്‍ കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കമ്മീഷന്‍ അറിയിച്ചു.















.
Next Story

RELATED STORIES

Share it