malappuram local

മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് സമാപനം



മലപ്പുറം: ആയിരം മാസത്തേക്കാള്‍ പുണ്യംനിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന പുണ്യരാവിനെ ധന്യമാക്കാന്‍ നാടിന്റെ നാനാദിക്കുകളില്‍ നിന്നു ഒഴുകിയെത്തിയ ആബാലവൃദ്ധം ജനങ്ങള്‍ സ്വലാത്ത് നഗറില്‍ പ്രാര്‍ഥനാ സാഗരമായി. വ്യാഴാഴ്ച പുലരുവോളം നടന്ന പ്രാര്‍ഥനകളില്‍ സംബന്ധിച്ച അവര്‍ തങ്ങളുടെ സ്രഷ്ടാവിനു മുമ്പില്‍ ആവലാതികളിറക്കിവച്ച് സായൂജ്യരായി മടങ്ങി. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദും വിശാലമായ നഗരിയും നിറഞ്ഞുകവിഞ്ഞ തറാവീഹ് നമസ്‌കാരത്തിനുശേഷം മുഖ്യവേദിയില്‍ സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രഭാഷണം നടത്തി. സ്വന്തത്തോടും കൂടെയുള്ളവരുടെ ജീവനോടും ആദരവില്ലാത്തതാണ് സമൂഹം നേരിടുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആത്മഹത്യമുതല്‍ അന്യരുടെ ഇടയില്‍ പോയിപൊട്ടിച്ചിതറുന്ന ഭീകരവാദംവരെ ഈ ചിന്താഗതിയില്‍ നിന്നാണ് ഉടലെടുക്കുന്നത്. ജീവന്‍ ഏറ്റവും വിശിഷ്ഠമാണെന്ന് പഠിപ്പിച്ച ഇസ്‌ലാമിക ദര്‍ശനത്തിന്റെ സന്ദേശവും മുന്നറിയിപ്പും ഉള്‍ക്കൊള്ളുന്നതിലൂടെ മാത്രമേ ഈ അപകടകരമായ മാനസികാവസ്ഥ ഇല്ലായ്മ ചെയ്യാനാവൂവെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാരുടെ ഹദീസ് പഠനത്തോടെ പ്രാര്‍ഥനാ സമ്മേളനത്തിന്റെ വിവിധ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ഹുസ്‌ന പാരായണം, സലാമതുല്‍ ഈമാന്‍ എന്നിവ നടന്നു. ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ അസ്മാഉല്‍ ബദര്‍ പാരായണം നടന്നു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തി. വിവിധ ഗ്രൗണ്ടുകളിലായി പതിനായിരങ്ങള്‍ സംബന്ധിച്ച ഇഫ്താര്‍ നടന്നു. ഹദ്ദാദ് റാത്തീബിനും പ്രാര്‍ഥനയ്ക്കും കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. മഅ്ദിന്‍ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പത്ത് ലക്ഷം സമാധാന വീടുകള്‍ കാംപയിന്‍ കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it