മഅ്ദനി അറസ്റ്റിലായിട്ട് ഇന്ന് ആറുവര്‍ഷം

പി സി അബ്ദുല്ല

ബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി അറസ്റ്റിലായിട്ട് ആറു വര്‍ഷം. 2010ലെ റമദാന്‍ പതിനാറിനാണ് അന്‍വാറുശ്ശേരിയില്‍ നിന്നു കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് മഅ്ദനിയെ അറസ്റ്റു ചെയ്തത്.
2014 ആഗസ്തില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച മഅ്ദനി ഇപ്പോള്‍ നഗരപരിധിയിലെ സഹായ ആശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ടാഴ്ച മുമ്പ് ഹെബ്ബാളിലെ ആഫ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ നടത്തിയ വിദഗധ പരിശോധനയില്‍ മഅ്ദനിയുടെ ഇരുവൃക്കകളുടെയും പ്രവര്‍ത്തക്ഷമത സാരമായ തോതില്‍ കുറഞ്ഞതായി കണ്ടെത്തി. പ്രമേഹം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം കണ്ടെത്താന്‍ നെഞ്ചില്‍ പ്രത്യേക യന്ത്രം ഘടിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ ഇടത് കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയത്. ശസ്ത്രക്രിയ സാധ്യമല്ലാത്ത വിധം ഇടത് കണ്ണിന്റെ ഞരമ്പുകള്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്.
ബംഗളൂരു സൗഖ്യ ആശുപത്രി മേധാവി ഡോ. ഐസക് മത്തായി നൂറനാലിന്റെ കീഴിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് മഅ്ദനിയെ ചികില്‍സിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ മഅ്ദനി നോമ്പനുഷ്ഠിക്കുന്നതിനാല്‍ റമദാന്‍ കഴിഞ്ഞ ഉടനെ അദ്ദേഹത്തെ ശാസ്ത്രക്രിയക്ക് വിധേയനാക്കും. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി താഴുകയും ഉയരുകയും ചെയ്യുന്നതിനാല്‍ ശസ്ത്രക്രിയ അടക്കമുള്ള തുടര്‍ചികില്‍സകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.
ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ 31ാം പ്രതിയാക്കിയാണ് 2010 ആഗസ്ത് 17ന് കര്‍ണാടക പോലിസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുരൂഹമായ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടക സിഒഡി ഉദ്യോഗസ്ഥര്‍ അന്‍വാറുശ്ശേരി ജാമിഅയില്‍ നിന്നു മഅ്ദനിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയായിരുന്നു.
2013ല്‍ ചികില്‍സാര്‍ഥം സുപ്രിംകോടതി മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ചികില്‍സ പൂര്‍ത്തിയാക്കാതെ കര്‍ണാടക സര്‍ക്കാര്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. തുടര്‍ചികില്‍സ നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് 2014 ആഗസ്തില്‍ സുപ്രിംകോടതി വീണ്ടും ഹ്രസ്വജാമ്യം അനുവദിച്ചത്. പിന്നീട് മൂന്ന് തവണയായി ജാമ്യം ദീര്‍ഘിപ്പിച്ചു. 2015 ജനുവരിയിലാണ് ബംഗളൂരു വിട്ട് പോവരുതെന്നതടക്കമുള്ള കടുത്ത ഉപാധികളോടെ ചികില്‍സയ്ക്കായി സുപ്രിംകോടതി സ്ഥിരം ജാമ്യം അനുവദിച്ചത്.
കേസില്‍ വിചാരണ നടപടികള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് പരപ്പന അഗ്രഹാരയിലെ പ്രത്യേക കോടതിയില്‍ നിന്ന് കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍, കര്‍ണാടക സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിഷേധാത്മക നിലപാട് കാരണം എന്‍ഐഎ കോടതിയിലും കേസ് ഇഴഞ്ഞ് നീങ്ങുകയാണ്. ആദ്യംമുതല്‍ കേസ് കൈകാര്യം ചെയ്തിരുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അകാരണമായി മാറ്റുക വഴി മാസങ്ങളോളം കേസ് നടപടികള്‍ സ്തംഭിച്ചു. മൊത്തം 500ഓളം സാക്ഷികളുള്ള കേസില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നൂറോളം പേരെ മാത്രമാണ് വിസ്തരിച്ചത്. ഇന്നത്തെ നിലയില്‍ പോവുകയാണെങ്കില്‍ മഅ്ദനി അടക്കമുള്ള പ്രതികള്‍ക്കെതിരായ കേസിന്റെ വിചാരണയും തീര്‍പ്പും ഇനിയും വര്‍ഷങ്ങള്‍ നീളും.
Next Story

RELATED STORIES

Share it