മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരളം ഇടപെടണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍

ആലപ്പുഴ: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തെ ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ജനതയും രംഗത്തിറങ്ങണമെന്ന് വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍. സ്വതന്ത്രമായ ചികില്‍സയ്ക്കുള്ള അവസരം നിഷേധിച്ച് നിയമത്തിന്റെ മറവില്‍ മഅ്ദനിയെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനും കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ്സിനും ഇക്കാര്യത്തില്‍ ശക്തവും ഫലപ്രദവുമായ നീക്കങ്ങള്‍ നടത്താനാവും. തെറ്റായ സത്യവാങ്മൂലങ്ങള്‍ നല്‍കി വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അനാവശ്യമായി സൃഷ്ടിക്കുന്ന കാലതാമസം ഒഴിവാക്കി ബാംഗ്ലൂര്‍ കേസില്‍ ഉടനടി തീര്‍പ്പുകല്‍പിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുകയും മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാനുള്ള അവസരമുണ്ടാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഒരു സര്‍വകക്ഷിസംഘം കര്‍ണാടകയില്‍ പോയി സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തണം.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കര്‍ണാടക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. പി എം എസ് എ ആറ്റക്കോയ തങ്ങള്‍, വി എം അലിയാര്‍ മൗലവി, ത്വാഹാ മുസ്‌ല്യാര്‍ കായംകുളം, ചേലക്കുളം അബ്ദുല്‍ ഹമീദ് ബാഖവി, മുജീബുര്‍റഹ്മാന്‍ അസ്‌ലമി, അഡ്വ. കെ നജീബ് ആലപ്പുഴ, അബ്ദുല്‍ മജീദ് നദ്‌വി, മുഹമ്മദ് ഫൈസി അമാനി ബാഖവി, മുഹമ്മദ് റജീബ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it